Sorry, you need to enable JavaScript to visit this website.

കൊച്ചി മയക്കുമരുന്ന് കേസിന് രാജ്യാന്തര ബന്ധം: ഐ.ബി അന്വേഷണം തുടങ്ങി

കൊച്ചി- മുപ്പത് കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് കേസില്‍ രാജ്യാന്തര ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐ.ബിയുടെ അന്വേഷണം. കേസില്‍ പിടിയിലായ പാലക്കാട് സ്വദേശികളെ സംബന്ധിച്ച വിവരങ്ങള്‍ എക്‌സൈസ് ഐ.ബി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സംഘത്തലവന്‍ ഭായിയെ പിടികൂടുന്നതിന് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായവും ഐ.ബി തേടുന്നുണ്ട്.
നെടുമ്പാശേരിവഴി ഗള്‍ഫിലേക്കു കടത്താന്‍ കൊണ്ടുവന്ന 5.100 കിലോഗ്രാം മെഥലിന്‍ ഡയോക്‌സി മെഥാംഫെറ്റമിന്‍  (എംഡിഎംഎ) എന്ന മാരക മയക്കുമരുന്നാണ് ശനിയാഴ്ച എക്‌സൈസ് പിടികൂടിയത്. മയക്കുമരുന്നു കൊണ്ടുവന്ന പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ കച്ചേരിപ്പടി കൈപ്പുള്ളി ഫൈസല്‍ (34), തട്ടായില്‍ അബ്ദുള്‍ സലാം (34) എന്നിവരെ പിടികൂടിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എക്‌സൈസ് കോടതിയില്‍ അപേക്ഷ നല്‍കും. അഫ്ഗാനിലെ കാബൂളില്‍നിന്നാണ് മയക്കുമരുന്നെത്തിച്ചത്. കരമാര്‍ഗം തീവ്രവാദികള്‍ മുഖേന കശ്മീരിലെത്തിച്ച് അവിടെനിന്ന് ദല്‍ഹിയിലും തുടര്‍ന്ന് ട്രെയിന്‍മാര്‍ഗവുമാണ് മയക്കുമരുന്ന് പാലക്കാട് എത്തിച്ചത്. നെടുമ്പാശേരിയില്‍ കാത്തുനില്‍ക്കുന്നയാള്‍ക്ക് കൈമാറാനായിരുന്നു മയക്കുമരുന്ന്.
ഫൈസലിനെ ഭായിക്ക് പരിചയപ്പെടുത്തിയ മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ വിദേശത്താണെന്നാണ് സൂചന. കൊച്ചി സ്വദേശിയാണ് ഭായിയെ കുവൈത്തില്‍ ഫൈസലിന് പരിചയപ്പെടുത്തികൊടുത്തത്.  ഭായിയെന്ന് അറിയപ്പെടുന്ന സംഘത്തലവനും മലയാളിയാണെന്നാണ് പിടിയിലായവര്‍ നല്‍കുന്ന സൂചന. ഭായിയെ ഫൈസല്‍ നേരിട്ട് കണ്ടിട്ടില്ല. നെറ്റ് വഴിയുള്ള സംഭാഷണത്തിലൂടെയാണ് പരിചയം. ചൊവ്വാഴ്ച കാരിയറായി നിശ്ചയിച്ചിരുന്നയാളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി സുധീപ്കുമാര്‍ പറഞ്ഞു. പിടിയിലായവര്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍, വിദേശത്തെയും നാട്ടിലെയും ബന്ധങ്ങള്‍ എന്നിവ ഐ.ബിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് പെട്ടിയുമായി എത്തുന്നവര്‍ പ്രത്യേക കോഡ് ഉപയോഗിച്ചാണ്  ആശയ വിനിമയം നടത്തിയിരുന്നത്. മയക്കുമരുന്നുമായി എത്തുന്നവര്‍ 'ബ്രൂസ്‌ലിയാണോ'യെന്ന് വാങ്ങാനെത്തുന്നവരോട് ചോദിക്കും. അതെയെന്ന് മറുപടി നല്‍കിയാല്‍ ബാഗുമായി എത്തുന്നയാള്‍ പെട്ടി ഉയര്‍ത്തിക്കാണിക്കും. തുടര്‍ന്ന് ബാഗ് കൈമാറും. ബാഗ് കൈമാറിയ കാര്യം ഫോട്ടോ സഹിതം ഭായിയെ അറിയിക്കും. ഇതായിരുന്നു മയക്കുമരുന്ന് കടത്തിലെ രീതി. ട്രോളി ബാഗില്‍ മയക്കുമരുന്ന് നിറക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച തമിഴ്‌നാട്ടുകാരായ രണ്ട് പേരാണ് എത്താറുള്ളത്.
ഫെബ്രുവരി 14 ന് എത്തിച്ച മയക്കുമരുന്ന് നിറച്ച് കൊടുത്തത് പാലക്കാട് വച്ചായിരുന്നു. ഒലവക്കോട്‌നിന്നാണ് നെടുമ്പാശേരിയിലേക്ക് സംഘം പുറപ്പെട്ടത്. എന്നാല്‍ നെടുമ്പാശേരി അത്താണിയില്‍ പിടിയിലായി. ബാഗില്‍ മയക്കുമരുന്ന് നിറച്ചുകൊടുക്കുന്ന തമിഴ്‌നാട്ടുകാരെ സംഘത്തിലുള്ളവര്‍ക്ക് നേരിട്ട് പരിചയമുണ്ടാകില്ല. ഇടപാടുകളിലെ കണ്ണികളെ പരിചയപ്പെടാനോ തിരിച്ചറിയാനോ ശ്രമിച്ചാല്‍ സംഘത്തില്‍നിന്നു പുറത്താക്കുകയാണ് പതിവ്.
രാജ്യത്തെ വലിയ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. കേസിന്റെ അന്തര്‍ദേശീയ പ്രാധാന്യം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് എക്‌സൈസ് അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിക്കുന്ന പ്രതികളെ ഐ.ബിയും ചോദ്യം ചെയ്യും. കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

 

Latest News