പനമരം-താഴെ നെല്ലിയമ്പത്ത് ജൂണ്‍ പത്തിനു രാത്രി റിട്ടയേര്‍ഡ് അധ്യാപകന്‍ പദ്മാലയത്തില്‍ കേശവന്‍(75), ഭാര്യ പദ്മാവതി(65)എന്നിവര്‍ കുത്തേറ്റു മരിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രനാണ് മാനന്തവാടി ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍(ഒന്ന്) കുറ്റപത്രം സമര്‍പ്പിച്ചത്. പനമരം കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുനനാണ്(24) കേസില്‍ പ്രത്രി. മോഷണ ശ്രമത്തിനിടെയാണ് അര്‍ജുനന്‍ ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് 2,700 പേജുള്ള കുറ്റപത്രത്തില്‍.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 16നാണ് അര്‍ജുനനെ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ മൂവായിരത്തോളം പേരെ ചോദ്യം ചെയ്ത പോലീസ് 1,200 പേരുടെ വിരലടയാളം ശേഖരിച്ചിരുന്നു. അഞ്ചു ലക്ഷത്തോളം ഫോണ്‍ കോളുകളും നിരവധി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയുമുണ്ടായി. കേസ് അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒമ്പതിനു ചോദ്യം ചെയ്യുന്നതിനിടെ മാനന്തവാടി സ്‌റ്റേഷനില്‍നിന്നു ഇറങ്ങിയോടിയ അര്‍ജുനന്‍ എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മേപ്പാടി അരപ്പറ്റ നസീറ നഗര്‍ ഡി.എം.വിംസ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
മാതാപിതാക്കള്‍ നഷ്ടമായ അര്‍ജുനന്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ജൂണ്‍ പത്തിനു പകല്‍ കൂലിപ്പണിയെടുത്തു കോളനിയില്‍ തിരിച്ചെത്തിയ അര്‍ജുനന്‍ സന്ധ്യമയങ്ങിയശേഷമാണ് മോഷണം ലക്ഷ്യമിട്ടു ദമ്പതികളുടെ വീട്ടിലെത്തിയത്. വീടിനകത്തു കയറിയ അര്‍ജുനനെ കേശവന്‍ തിരിച്ചറിഞ്ഞതാണ് കൊലയില്‍ കലാശിച്ചത്. രാത്രി എട്ടോടെ നിലവിളി കേട്ടു സമീപവാസികള്‍ എത്തിയപ്പോള്‍ കുത്തേറ്റു മരിച്ച നിലയിലായിരുന്നു കേശവന്‍. നെഞ്ചിനു കുത്തേറ്റു അവശനിലയിലായിരുന്ന പദ്മാവതി പിറ്റേന്നു പുലര്‍ച്ചെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.