തലശ്ശേരി- പള്ളികള്‍ തകര്‍ക്കുമെന്ന വിദ്വേഷ മുദ്രാവാക്യം വിളിച്ച് തലശ്ശേരിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍(30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്. രഗിത്ത്(26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വി.വി. ശരത്(25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ്(26) എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ ഒന്നിന് തലശ്ശേരിയില്‍ ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിലാണ് വിദ്വേഷ മുദ്രവാക്യങ്ങളുയര്ന്നത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് റാലി സംഘടിപ്പിച്ചത്.
'അഞ്ച് നേരം നിസ്കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' എന്നായിരുന്നു വിവാദമായ മുദ്രാവാക്യം.
ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ സംഘടനകള്‍ തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.