തിരുവനന്തപുരം- വഖഫ് ബോർഡ് നിയമനം ഉടൻ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സമസ്ത നേതാക്കൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം സമസ്ത നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും സമസ്ത വ്യക്തമാക്കി. മുഴുവൻ സംഘടനകളെയും ഉൾപ്പെടുത്തി വിശാലമായ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം പിൻവലിക്കാതെ ആശങ്ക പൂർണമായും ഒഴിവാകില്ലെന്ന് അതിന് വേണ്ടി സമർദ്ദം ചെലുത്തുമെന്നും സമസ്ത വ്യക്തമാക്കി. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. നിയമം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെങ്കിലും തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് ഉറപ്പുനൽകിയെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രി എല്ലാവരുമായും ചർച്ച നടത്തും. നിയമം റദ്ദാക്കാതെ ആശങ്ക മാറില്ല. ഭാവി പരിപാടികൾ സമസ്ത നേതാക്കൾ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.