Sorry, you need to enable JavaScript to visit this website.

ചന്ദൻ മിത്ര,  ഒരു സൗഹൃദത്തിന്റെ ഓർമ

പ്രചാരം കുറഞ്ഞാലും പത്രം വഴി പണം വാരാൻ ചന്ദൻ പഠിച്ചു കഴിഞ്ഞിരുന്നു. മലയാളികളെ മുഴുവൻ വാരിപ്പുണരാമെന്ന വ്യാമോഹമൊന്നും ചന്ദന് ഉണ്ടായിരുന്നില്ല കേരളത്തിൽ പയനിയർ തുടങ്ങിയപ്പോൾ. അതൊരു പുതിയ പേപ്പർ മോഡൽ ആയിരുന്നു. കേരളത്തിൽ ഒരാൾ പത്രമടിച്ചു വിൽക്കും. ചെലവെല്ലാം ഫ്രാഞ്ചൈസി ആയ പ്രസാധകൻ വഹിക്കും. ഉള്ളടക്കത്തിന്റെ മൂല്യമായി ഒരു തുക മാതൃമന്ദിരത്തിനു കൊടുക്കണം. നഷ്ടം വന്നാലും ലാഭം വന്നില്ലെങ്കിലും ചന്ദനു കിട്ടാനുള്ളത് കണിശമായി കിട്ടും. അതിന്റെ അവസാനം ആദ്യമേ കാണാമായിരുന്നു.


അടുത്ത ദിവസങ്ങളിൽ രണ്ടു തവണ ജെ. ഗോപീകൃഷ്ണൻ ചന്ദൻ മിത്രയെ അനുസ്മരിക്കുന്നതു കണ്ടു. ഒന്ന്, ചന്ദൻ മരിച്ച ദിവസം. രണ്ട്, ചന്ദൻ അംഗമായിരുന്ന രാജ്യസഭ അദ്ദേഹത്തെയും മറ്റു ചിലരെയും ഓർമിച്ച ദിവസം. രണ്ടു വട്ടം അദ്ദേഹം രാജ്യസഭയിൽ അംഗമായി, ആദ്യം നാമനിർദേശം ചെയ്യപ്പെട്ടും പിന്നെ ബി.ജെ.പി അംഗമായി തെരഞ്ഞെടുക്കപ്പെട്ടും. ഗോപിയുടെ എഡിറ്റർ ആയിരുന്നു അദ്ദേഹം. 

ചന്ദന്റെ പഠന-പ്രവർത്തന പശ്ചാത്തലമുള്ള ഒരാൾ ഏതു മണ്ഡലത്തിൽ പോയാലും കൊടുമുടി കയറുന്നതിൽ അത്ഭുതമില്ല. ദൽഹിയിലെ സെന്റ് സ്റ്റീഫൻസിലും ഓക്‌സ്‌ഫോർഡിലും പഠിക്കുകയും ഗവേഷണ ബിരുദം നേടുകയും ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ പാടേ ബ്രിട്ടീഷ് പാരമ്പര്യമുള്ള സ്റ്റേറ്റ്‌സ്മാൻ പത്രത്തിന്റെ മുഖപ്രസംഗ ലേഖകനായി നിയമിക്കപ്പെടുകയായിരുന്നു. സാധാരണ പത്രക്കാർ ജോലി പിരിയുമ്പോൾ നേടിയാൽ ആയി, ആയില്ല എന്നതാണ്അസിസ്റ്റന്റ് എഡിറ്റർ പദവി, അക്കാലത്ത്. വാക്കും വരിയും തിട്ടപ്പെടുത്തി പത്രത്തിന്റെ അഭിപ്രായം എഴുതിപ്പിടിപ്പിക്കാൻ പഠിച്ച ആ ദിവസങ്ങളെപ്പറ്റി ചന്ദൻ രസാവഹമായി ഓർത്തെടുത്തിരുന്നു. രാഷ്ട്രീയത്തേക്കാൾ കൂടുതൽ ശാസ്ത്രവും സാഹിത്യവുമായിരുന്നു അന്നത്തെ എഡിറ്റർ അമലേന്ദു ദാസ്ഗുപ്തയുടെ തട്ടകം. ചന്ദനോ, ലത മങ്കേഷ്‌കറുടെ പാട്ടു കഴിഞ്ഞാൽ പ്രാതലും ഉച്ചയൂണും അത്താഴവും രാഷ്ട്രീയമായിരുന്നു. 

ചന്ദൻ പത്രങ്ങൾ ചാടിച്ചാടിക്കടന്നു. ആദ്യം പോയത് ടൈംസ് ഒഫ് ഇന്ത്യയിലേക്കായിരുന്നു. അവിടെ വെച്ചായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയമായ മതം മാറ്റം. എല്ലാ ചെറുപ്പക്കാരെയും പോലെ ചന്ദനും കലാപത്തിന്റെയും കാൽപനികതയുടെയും കമ്യൂണിസത്തിന്റെയും ഒരു യുവത്വം ഉണ്ടായിരുന്നു. ആശയങ്ങളുടെ ഏതോ നാൽക്കവലയിൽ കമ്യൂണിസം എന്ന ദൈവം അടി പതറി വീണു. ഹിന്ദു വലതുപക്ഷത്തിന്റെ വേദികളിൽ അദ്ദേഹം മുഗ്ധനായി.  അവരാകട്ടെ, ചന്ദനെപ്പോലുള്ള ആളുകളെ വല വീശി നടക്കുകയായിരുന്നു. അവർക്കും അദ്ദേഹത്തിനും ആ വേഴ്ച സുഖിച്ചു.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തസ്തികയാണ് ടൈംസ് ഒഫ് ഇന്ത്യയുടെ എഡിറ്റർ പദം എന്നൊരു ചൊല്ലുണ്ടാക്കിയിരുന്നു ചിലർ. ഒന്നാമത്തെ സ്ഥാനം പ്രധാനമന്ത്രിക്കു തന്നെ. ആ സമയത്തായിരുന്നു ചന്ദന്റെ ടൈംസ് ഊഴം. ചെറുപ്പക്കാരൻ മുതലാളി പത്രം വായിക്കാൻ തുടങ്ങിയപ്പോൾ ചൊല്ല് മാറി.  അങ്ങനെ എഡിറ്റർമാർ നെഗളിക്കണ്ട എന്നായി പയ്യൻ മുതലാളിയുടെ നിഷ്ഠ. കൊടി കെട്ടിയ എഡിറ്റർമാരിൽ ചിലരെ നാടു കടത്തി, ചിലരെ നട്ടം തിരിയിച്ചു. അവസരം വന്നപ്പോൾ ബിർളയുടെ മകൾ അമരത്തിരുന്ന ഹിന്ദുസ്ഥാൻ ടൈംസിൽ ചേക്കേറി.

അവിടത്തെ രണ്ടാം തമ്പുരാനായിരുന്നു ഞാൻ നേരിട്ടു പരിചയപ്പെടുമ്പോൾ ചന്ദൻ. എക്‌സിക്യൂട്ടീവ് എഡിറ്റർ. ഞാൻ എഴുതി വന്ന ടി.എൻ. ശേഷൻ പുസ്തകത്തിനു പ്രചാരം ഏർപ്പാടാക്കാൻ സഹായം തേടിക്കൊണ്ട് എന്റെ പ്രസാധകൻ കെ.പി.ആർ. നായരുമൊരുമിച്ചായിരുന്നു ആ കൂടിക്കാഴ്ച. ആദ്യത്തെ ദർശനമായിരുന്നെങ്കിലും ഞങ്ങൾ അടുത്തു. ഏതാനും മാസത്തിനു ശേഷം ഞാൻ ദൽഹി വിടുമ്പോൾ എന്നെയും കെ.പി.ആറിനെയും അദ്ദേഹം വീട്ടിൽ കൊണ്ടുപോയി സൽക്കരിച്ചു. അതിനുള്ള സമ്പർക്കമൊന്നുമുണ്ടായിരുന്നില്ല. 

ഒരു പത്രപ്രവർത്തകനും ഓർക്കാൻ കൊള്ളാത്ത ഒരു കൊള്ളരുതായ്മ ഉണ്ടായി ഹിന്ദുസ്ഥാൻ ടൈംസിൽ. എഡിറ്റർ എന്ന നിലയിൽ ഒന്നാമൻ ആയിരുന്നു വി.എൻ. നാരായണൻ. ഫൈനാൻഷ്യൽ എക്‌സ്പ്രസിന്റേയും ഇന്ത്യൻ എക്‌സ്പ്രസിന്റേയും മേധാവിയെന്ന നിലയിൽ അടിയന്തരാവസ്ഥയിൽ  സമ്മർദം സഹിച്ചുപോന്ന വി.കെ. നരസിംഹൻ നാരായണന്റെ അച്ഛൻ ആയിരുന്നു. നാരായണൻ പിന്നെ പഞ്ചാബിൽ പോയി ട്രിബ്യൂണിന്റെ എഡിറ്റർ ആയി. അവിടത്തെ ഊഴം കഴിഞ്ഞപ്പോൾ ടൈംസ് ഒഫ് ഇന്ത്യയിലും ഹിന്ദുസ്ഥാൻ ടൈംസിലും മുട്ടി നോക്കി. ആദ്യം ബിർളയുടെ മകൾ നടത്തുന്ന ഹിന്ദുസ്ഥാൻ ടൈംസ് തുറന്നപ്പോൾ നാരായണൻ അവിടെ സിംഹാസനസ്ഥനായി.

കോളം എഴുതുന്നത് എഡിറ്റർമാരുടെ ദൗർബല്യമാണല്ലോ. അക്ഷരം എഴുതാനും മാറ്റാനും മിടുക്കരായ എഡിറ്റർമാരുടെ കാര്യം പറയുകയും വേണ്ട,  നാരായണൻ തുടങ്ങിയ കോളത്തിൽ അദ്ദേഹം മുഴുകി. അങ്ങനെ എഴുതി വന്നപ്പോൾ കൂടുതൽ ശ്രദ്ധേയമായ ഒന്നിൽ പതിവില്ലാത്ത മേന്മ കണ്ടു ചില വിരുതർ.  അജ്ഞാതനാമാക്കളായ അവർ ആ പംക്തിയിലെ ലേഖനം ആദ്യം എഴുതിയത് വേറൊരു ആൾ - ഒരു യൂറോപ്യൻ എഡിറ്റർ- ആയിരുന്നെന്ന് കണ്ടെത്തി. പച്ച മലയാളത്തിൽ, കളവ്. അയ്യപ്പപ്പണിക്കർ പറഞ്ഞ പോലെ വെറുമൊരു മോഷ്ടാവല്ല, കള്ളൻ തന്നെ.  

പ്രസ്താവനയും പ്രഖ്യാപനവും പലതും നടത്തിനോക്കിയെങ്കിലും നാരായണന് പിടിച്ചുനിൽക്കാനായില്ല. പത്രം അദ്ദേഹത്തെ പുറത്താക്കി പിണ്ഡം വെച്ചു. പക്ഷേ നരനും നാരായണനും ചേർന്ന പുള്ളി ആരാ പുള്ളി? അധികം താമസിയാതെ അദ്ദേഹം പത്രപ്രവർത്തനം പഠിപ്പിക്കുന്ന ഒരു ബൃഹദ് സ്ഥാപനത്തിന്റെ മേലധികാരിയായി ബംഗളൂരിൽ.

നാരായണന്റെ വികൃതി കണ്ടുപിടിച്ചത് ആരായിരുന്നു? ഉത്തരം കിട്ടാത്ത ചോദ്യം തലസ്ഥാന നഗരിയിലെ അഴുക്കുചാലുകളിൽ പുളഞ്ഞുകിടന്നു. രണ്ടാം തമ്പുരാനാണ് സാർവഭൗമന്റെ കസേര ഇളക്കുന്ന മന്ത്രോപാസന നടത്തിയതെന്ന് സന്ദേഹവാദികൾ പറഞ്ഞു നടന്നു.  ചത്തത് കീചകനെങ്കിൽ കൊന്നത് ആര്? ചന്ദൻ കൈ മലർത്തി. 

കാലം മാറി, രംഗം മാറി, കഥാപാത്രം മാറി. ചന്ദൻ പത്രം മാറി, ഇതിഹാസത്തെ പുറന്തള്ളി വന്ന പയനിയർ എന്ന അക്ഷരക്ഷേത്രത്തിൽ ചേർന്നു. ആദ്യം എഡിറ്റർ ആയും പഴയ മുതലാളിക്കു മടുത്തപ്പോൾ മാനേജിംഗ് ഡയറക്ടർ ആയും. ഫലത്തിൽ വലിയ നഷ്ടം വരുത്തി നടന്നിരുന്ന പയനീർ നടത്തി നോക്കാൻ മുതലാളി ചന്ദനു വിട്ടുകൊടുക്കുകയായിരുന്നു. 

പഴയ കഥയിൽ പറയും പോലെ, ചന്ദനും സേവകരും അങ്ങനെ സുഖമായി കഴിയുമ്പോൾ അദ്ദേഹത്തിന് ഒരു അമളി പറ്റി. സുപ്രീം കോടതിയെ ചൊടിപ്പിക്കുന്ന എന്തോ ഒന്ന് എഴുതിപ്പിടിപ്പിച്ചു. ചന്ദനെ ചൂടാക്കാൻ കാത്തിരുന്ന ഏതോ വിരുതൻ അത് കോടതിയിൽ എത്തിക്കുകയും ചീഫ് ജസ്റ്റിസിനെക്കൊണ്ട് എഡിറ്ററെ വരുത്തി ശാസിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ, പൊതുവെ അക്ഷോഭ്യനായ ചീഫ് ജസ്റ്റിസ് വർമ്മ പറഞ്ഞു: ആരാണീ വിദ്വാൻ? ഞങ്ങളൊന്നു കാണട്ടെ: 'നർമവും മർമവും കലർത്തി ഞാൻ ചന്ദനെ അനുമോദിച്ചു. :'അനുമോദനമോ?' ചന്ദൻ അത്ഭുതപ്പെട്ടു. സുപ്രീം കോടതിയെ ഭർത്സിക്കുകയും അതിന്റെ ശാസന കേൾക്കുകയും ചെയ്ത ശേഷം പുല്ലുപോലെ കടന്നു പോന്നതിന് ഒരു എഡിറ്റർക്കും ഉടമസ്ഥനും അനുമോദനമല്ലാതെ എന്തു കൊടുക്കാൻ?

പ്രചാരം കുറഞ്ഞാലും പത്രം വഴി പണം വാരാൻ ചന്ദൻ പഠിച്ചു കഴിഞ്ഞിരുന്നു. മലയാളികളെ മുഴുവൻ വാരിപ്പുണരാമെന്ന വ്യാമോഹമൊന്നും ചന്ദന് ഉണ്ടായിരുന്നില്ല കേരളത്തിൽ പയനിയർ തുടങ്ങിയപ്പോൾ. അതൊരു പുതിയ പേപ്പർ മോഡൽ ആയിരുന്നു. കേരളത്തിൽ ഒരാൾ പത്രമടിച്ചു വിൽക്കും. ചെലവെല്ലാം ഫ്രാഞ്ചൈസി ആയ പ്രസാധകൻ വഹിക്കും. ഉള്ളടക്കത്തിന്റെ മൂല്യമായി ഒരു തുക മാതൃമന്ദിരത്തിനു കൊടുക്കണം. നഷ്ടം വന്നാലും ലാഭം വന്നില്ലെങ്കിലും ചന്ദനു കിട്ടാനുള്ളത് കണിശമായി കിട്ടും. അതിന്റെ അവസാനം ആദ്യമേ കാണാമായിരുന്നു.

കുത്താൻ ചൊറിയൊന്നുമില്ലാതിരുന്ന എന്നെ വിളിച്ച് ചന്ദൻ കൺസൾട്ടിംഗ് എഡിറ്റർ ആക്കി. എന്തു വേണം വ്യവസ്ഥ? ചന്ദന്റെ അന്വേഷണം. വാദിച്ചും വ്യവസ്ഥ വെച്ചും ശീലമില്ലല്ലോ. എന്റെ ഉത്തരം. എന്നാൽ ഞാൻ നിശ്ചയിക്കട്ടെയോ? ചന്ദന്റെ സൂചന. ചന്ദൻ നിശ്ചയിച്ചില്ല. സുഷമ സ്വരാജും മറ്റുമൊത്ത് കോവളത്ത് ഏതോ യോഗത്തിനു വന്നപ്പോൾ എന്നോട് ജാള്യം മറച്ച് വിശദീകരണത്തിനൊരുങ്ങി.
ചന്ദന് കണക്ക് പിഴയ്ക്കുകയായിരുന്നു.

.     

Latest News