കൊണ്ടോട്ടി- ദുബായില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് പോലിസിന് വിവരം ലഭിച്ചു. യുവാവിനെ സ്വര്‍ണം ഏല്‍പ്പിച്ച സംഘം തന്നെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് സൂചന. ദുബായില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയ താമരശ്ശേരി സ്വദേശിയായ 29 കാരനെയാണ് തട്ടിക്കൊണ്ടുപോയത്.
ദുബായിലെ സുഹൃത്ത് പരിചയപ്പെടുത്തിയ സ്വര്‍ണക്കടത്ത് സംഘം യുവാവിന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം നല്‍കി. ശരീരത്തില്‍ ഒളിപ്പിച്ച് കടത്തനായിരുന്നു നിര്‍ദേശം. ഇതിനായി വിമാന ടിക്കറ്റും 50,000 രൂപയും വാഗ്ദാനം ചെയ്തു. യാത്രക്കാരന്‍ 70,000 രൂപയും വിമാന ടിക്കറ്റുമാണ് ആവശ്യപ്പെട്ടതെങ്കിലും 50,000 രൂപക്ക് കരാര്‍ ഉറപ്പിച്ചു.
ഇതിനിടെ സ്വര്‍ണം മറിച്ചു നല്‍കിയാല്‍ ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റും സുഹൃത്ത് വാഗ്ദാനം ചെയ്തു. കരിപ്പൂരിലെത്തുമ്പോള്‍ സമീപിക്കുന്ന ആള്‍ക്ക് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. യുവാവ് ഈ വാഗ്ദാനം സ്വീകരിച്ച് നേരത്തെ ബന്ധപ്പെട്ടവരില്‍നിന്ന് സ്വര്‍ണവുമായി കരിപ്പൂരിലേക്ക് തിരിച്ചു.
യാത്രക്കാരന്‍ കരിപ്പൂരില്‍ ടെര്‍മിനലില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ ആദ്യം സമീപിച്ച സംഘത്തിലെ രണ്ട് പേര്‍ വാഹനവുമായി എത്തി. ഇതിനിടെ അടുത്ത സംഘവുമെത്തി. ആദ്യസംഘം യാത്രക്കാരനെ ബലമായി വാഹനത്തില്‍ പിടിച്ചു കയറ്റി. ഇതിനിടെ ബഗേജ് എടുക്കാന്‍ കഴിഞ്ഞില്ല.
വിമാനത്താവളത്തിന് ചുറ്റും രണ്ടു മൂന്നുതവണ വാഹനം വലം വെച്ച് യുവാവില്‍ നിന്ന് സ്വര്‍ണം കൈവശപ്പെടുത്തി മടങ്ങുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവള റോഡില്‍ പോലിസ് പരിശോധന കണ്ടതോടെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം വാങ്ങി ഒരാള്‍ പുറത്തിറങ്ങി. പോലിസ് പരിശോധന കഴിഞ്ഞതോടെ സ്വര്‍ണം കൈവശമുള്ളയാള്‍ തിരിച്ചെത്തി വാഹനത്തില്‍ വീണ്ടും കയറി.
ഇതിനിടെയാണ് വഞ്ചിച്ചുവെന്ന് ആരോപിച്ച് സംഘം യാത്രക്കാരനെ മര്‍ദിച്ചത്. ഇയാള്‍ക്ക് നല്‍കാമെന്നേറ്റ പണവും സംഘം നല്‍കിയില്ല. യാത്രക്കാരനെ വീടിന് സമീപത്ത് വെച്ചാണ് സംഘം ഇറക്കി വിട്ടത്. പിന്നീട് ഇയാള്‍ കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നു ബാഗുകളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായാണ് പരാതി. ഇതില്‍ ബാഗുകള്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലിസ് ശേഖരിക്കുകയാണ്.