കണ്ണൂര്‍- തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ മുന്‍ പ്രിന്‍സിപ്പലിനെതിരെ പീഡന ആരോപണവുമായി അക്കാദമിയിലെ ജീവനക്കാരി. പ്രിന്‍സിപ്പലായിരുന്ന എ. രവീന്ദ്രന്‍ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. പല തവണ തന്നെ ഒറ്റയ്ക്ക് ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തിയെന്നും മോശം രീതിയിലുള്ള മെസേജുകള്‍ അയച്ചെന്നും യുവതി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് രവീന്ദ്രന്‍. തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രധാനാധ്യാപകനായി രവീന്ദ്രന്‍ ചുമതലയേല്‍ക്കുന്നത് 2020ലാണ്. ഓഫീസ് ജോലികളില്‍ സഹായിക്കാനായി നിയമിതയായ തന്നോട് പ്രധാനാധ്യാപകന്‍ പല തവണ മോശം രീതിയില്‍ പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
മൊബൈലിലേക്ക് പല തവണ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്നും അധ്യാപകന്‍ പറഞ്ഞത് പോലെ പെരുമാറാത്തതിനാല്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പ്രധാനാധ്യാപകനെ കുറിച്ച് മാനേജ്‌മെന്റിന് പരാതി നല്‍കിയെങ്കിലും അവര്‍ നടപടി എടുത്തില്ല. കഴിഞ്ഞ ജൂണില്‍ തന്നെ കാരണം കൂടാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടെന്നും യുവതി പറയുന്നു. എന്നാല്‍ ആരോപണം പൂര്‍ണമായി നിഷേധിക്കുകയാണ് മുന്‍ പ്രിന്‍സിപ്പല്‍ രവീന്ദ്രന്‍. തനിക്ക് ഇങ്ങോട്ട് അയച്ച മെസേജുകള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും. യുവതിക്ക് തന്നോട് വ്യക്തിവൈര്യാഗ്യമാണെന്നും രവീന്ദ്രന്‍ പറഞ്ഞു. നാലു മാസം മുന്‍പ് രവീന്ദ്രനും സ്ഥാപനത്തില്‍ നിന്ന് രാജിവച്ചു. യുവതിയുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് വിശദാന്വേഷണം ആരംഭിച്ചു.