Sorry, you need to enable JavaScript to visit this website.

വഖഫ് ബോർഡ് വിവാദം: പ്രതിഷേധം കടുപ്പിച്ച് കെ.എം.സി.സിയും രംഗത്ത്

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട ഇടതുപക്ഷ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സയ്യിദ് അഷ്‌റഫ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്- വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട ഇടതുപക്ഷ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ശക്തമായ സമരവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ പ്രവാസ ലോകത്ത് കെ.എം.സി.സിയും പ്രതിഷേധം കനപ്പിക്കുന്നു. സഹകരിക്കുന്ന സംഘടനകളെയെല്ലാം സഹകരിപ്പിച്ച് പ്രതിഷേധ പരിപാടികൾ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. 
റിയാദ് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയതിൽ നടന്ന പ്രതിഷേധ സദസ്സ് സയ്യിദ് അഷ്‌റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ സർക്കാർ മുസ്‌ലിം ന്യൂനപക്ഷങ്ങളോട് അനീതി കാണിക്കുന്നുവെന്നും ന്യായമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗതിൽ സയ്യിദ് അഷ്‌റഫ് തങ്ങൾ അഭിപ്രായപ്പെട്ടു. വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനെതിരെ കേരളത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം കൊടക്കുന്ന മുഴുവൻ പ്രക്ഷോഭ പരിപാടികൾക്കും എല്ലാ സംഘടനാ പ്രതിനിധികളും ഐക്യദാർഢ്യപ്പെടുന്ന ചടങ്ങാണ് റിയാദിൽ നടന്നത്. 


ഇടതു സർക്കാർ തുടരുന്ന മുസ്‌ലിം വിരുദ്ധതയുടെ അവസാന ഉദാഹരണമാണ് വഖഫ് ബോർഡ് വിഷയത്തിലൂടെ പ്രകടമാവുന്നതെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു. ഇടതു സർക്കാരിന്റെ ഈ നടപടി സമുദായത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും നിയമ നടപടികളുൾപ്പെടെ സാധ്യമായ എല്ലാ പ്രതിഷേധ മാർഗങ്ങളും സ്വീകരിക്കുമെന്നും വിവിധ സംഘടനാ പ്രതിനിധികൾ അറിയിച്ചു. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷനായിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപടുകളിൽ സംഗമം പ്രതിഷേധം രേഖപ്പെടുത്തി. 
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു മുഹമ്മദ് കോയ വാഫി (എസ്.ഐ.സി) അഡ്വ.അബ്ദുൽ ജലീൽ (ഇസ്‌ലാഹി സെന്റർ), നസ്രുദ്ദീൻ വി.ജെ (മീഡിയ ഫോറം), അർശുൽ അഹമ്മദ് (കെ.എം.സി.സി), അഡ്വ.ഹബീബ് റഹ്മാൻ (ആർ.ഐ.സി.സി), റഹ്മത്ത് ഇലാഹി (പ്രവാസി സാംസ്‌കാരിക വേദി), റിയാദ് കെ.എം.സി.സി പ്രസിഡന്റ് സി.പി മുസ്തഫ, കെ.എം.സി.സി നേതാക്കളായ കോയാമു ഹാജി, സത്താർ താമരത്ത് പ്രസംഗിച്ചു. ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, അലി വയനാട്, ഷാഹിദ് മാസ്റ്റർ സംബന്ധിച്ചു. ജില്ലാ കെ.എം.സി.സി സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ സ്വാഗതവും ജില്ലാ ട്രഷറർ കുഞ്ഞിപ്പ തവനൂർ നന്ദിയും പറഞ്ഞു. മൊയ്ദീൻകുട്ടി പൊന്മള ഖിറാഅത്ത് നടത്തി. ശരീഫ് അരീക്കോട്, മുനീർ വാഴക്കാട്, അഷ്‌റഫ് മോയൻ, ഹമീദ് ക്ലാരി, സിദ്ദീഖ് കോനാരി, ഇഖ്ബാൽ തിരൂർ, ലത്തീഫ് കരിങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.

Latest News