- അന്വേഷണം ടി.സി. മാത്യുവിലേക്ക്
കൊച്ചി- ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് ബി. വിനോദ് രാജിവെച്ചു. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവെക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് രാജി. നിലവിൽ കെ.സി.എ വൈസ് പ്രസിഡന്റായ കോട്ടയത്തു നിന്നുള്ള റോംഗ്ലിൻ ജോമിനെ പുതിയ പ്രസിഡന്റായി ഇന്നലെ കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗം തെരഞ്ഞെടുത്തു. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ അന്വേഷണ വിധേയമായി കെ.സി.എ യോഗം സസ്‌പെൻഡ് ചെയ്തു. സാജൻ കെ. വർഗീസ് (പത്തനംതിട്ട), അബ്ദുറഹ്മാൻ (കാസർകോട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
ടി.സി. മാത്യു കെ.സി.എ പ്രസിഡണ്ടായിരിക്കേ 2016 ൽ തൊടുപുഴയിൽ സ്റ്റേഡിയം നിർമിക്കുന്നതിന് കെ.സി.എയുടെ പേരിൽ വാങ്ങിയ സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിക്കാൻ അനുമതി നൽകിയ സംഭവത്തിലാണ് അന്വേഷണ കമ്മീഷൻ ക്രമക്കേട് കണ്ടെത്തിയത്. ഈ ഭൂമിയിൽ കെ.സി.എയെ അറിയിക്കാതെ അനധികൃത പാറ പൊട്ടിക്കലിന് അനുവാദം നൽകിയത് അന്ന് ജില്ലാ പ്രസിഡന്റായിരുന്ന വിനോദായിരുന്നു. ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടിരിക്കുന്നത് വിനോദാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തി. ചട്ടപ്രകാരം കെ.സി.എ സെക്രട്ടറിയാണ് അസോസിയേഷന്റെ ഭൂമിയുമായി ബന്ധപ്പെട്ട എന്ത് ഇടപാടിലും ഒപ്പുവെക്കേണ്ടത്. ഇതിന് വിരുദ്ധമായാണ് ജില്ലാ പ്രസിഡണ്ട് കരാറിൽ ഒപ്പുവെച്ചത്. ഇടുക്കി ജില്ലാ അസോസിയേഷൻ മിനുട്‌സിൽ കൃത്രിമം കാണിച്ചതായും ബൈലോക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഇന്നലെ കൊച്ചിയിൽ ചേർന്ന കെ.സി.എ യോഗത്തിൽ ഇടുക്കി ജില്ലാ അസോസിയേഷനും ബി. വിനോദിനുമെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ അന്ന് കെ.സി.എ പ്രസിഡണ്ടായിരുന്ന ടി.സി. മാത്യു നിർദേശിച്ചതനുസരിച്ചാണ് കരാറിൽ ഒപ്പുവെച്ചതെന്ന് വിനോദ് പറഞ്ഞു. ടി.സി. മാത്യുവിന്റെ നിർദേശ പ്രകാരമാണ് വിനോദ് കരാറിൽ ഒപ്പുവെച്ചത് എന്നതിന് അന്വേഷണത്തിലും തെളിവ് ലഭിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിക്ക് ഷോകോസ് നോട്ടീസ് അയക്കാനും അവരുടെ വാദം കേൾക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിനോദ് രാജിവെച്ചതോടെ അന്വേഷണം ടി.സി. മാത്യുവിലേക്കാണ് നീളുന്നത്. കെ.സി.എ അറിയാതെ എഗ്രിമെന്റ് ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ടി.സി. മാത്യുവിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷണ കമ്മീഷൻ വിശദമായി പരിശോധിക്കും. അതിന് ശേഷമാകും സെൻട്രൽ കമ്മിറ്റി മുമ്പാകെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. അഴിമതി ആരോപണത്തെത്തുടർന്നാണ് ഒരു വർഷം മുമ്പ് ടി.സി മാത്യുവും പുറത്താകുന്നത്.
കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്ത് ചേർന്ന കെ.സി.എ സെൻട്രൽ കമ്മിറ്റിയാണ് ഭൂമി ക്രമക്കേട് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത്. വിനോദിന്റെ രാജിയോടെ കെ.സി.എയിയിൽ ടി.സി. മാത്യുവിനുണ്ടായിരുന്ന പിടി പൂർണമായും നഷ്ടമായി. ടി.സി. മാത്യുവിനോടൊപ്പം നിൽക്കുന്ന ആളാണ് വിനോദ്.
നേരത്തെ അഴിമതി പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഓംബുഡ്‌സ്മാന്റെ അന്വേഷണത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തി. ടി.സി. മാത്യുവിനോട് 4.50 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ തുക തിരിച്ചടയ്ക്കാൻ ടി.സി. മാത്യു തയ്യറായിട്ടില്ല.