Sorry, you need to enable JavaScript to visit this website.

ആപ്പ് വഴി ഈടില്ലാതെ വായപ; തട്ടിപ്പ് സംഘത്തിലെ ഒരാള്‍ പിടിയില്‍

കല്‍പറ്റ-ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുസംഘത്തിലെ  ഒരാളെ വയനാട് സൈബര്‍ പോലീസ് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്നു അറസ്റ്റുചെയ്തു. പടിഞ്ഞാറത്തറ സ്വദേശിയുടെ പരാതിയില്‍ അതുല്‍ സിംഗിനെയാണ്(19) വയനാട് സൈബര്‍ സ്റ്റേഷന്‍  ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എ.സലാം, പി.എ.ഷുക്കൂര്‍, റിജോ ഫെര്‍ണണ്ടസ്, ജബലു റഹ്മാന്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
ഈടില്ലാതെ വായ്പ നല്‍കാമെന്നു വിശ്വസിപ്പിച്ചു ഓണ്‍ലൈന്‍ വായ്പ ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചു വലിയ തുക ബാധ്യത വരുത്തുകയും പിന്നീട് ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പടിഞ്ഞാറത്തറ സ്വദേശിയുടെ പരാതി.
ഈടില്ലാതെ വായ്പ നല്‍കാമെന്നു വിശ്വസിപ്പിച്ചു ഈ വര്‍ഷം ആദ്യമാണ് പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ ഒരു വായ്പ  ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചത്. ഇതിനു പിന്നാലെ വായ്പ അനുവദിച്ചെങ്കിലും തുകയുടെ ഒരു ഭാഗം സര്‍വീസ് ചാര്‍ജായി ഈടാക്കി. ഒരാഴ്ചയ്ക്കുശേഷം വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു  കഴിയാതെ വന്നപ്പോള്‍  മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചു വായ്പ അനുവദിച്ച് തുക ആദ്യ വായ്പയിലേക്കു വരവുവെച്ചു. ഇങ്ങനെയാണ് തട്ടിപ്പുസംഘം പരാതിക്കാരനെ വലിയ ബാധ്യതയിലാക്കിയത്. വായ്പയ്ക്കു തട്ടിപ്പുസംഘം കൊള്ളപ്പലിശയാണ് ചുമത്തുന്നത്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്ത്രത്തില്‍ മനസ്സിലാക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത്. വായ്പ സമയബന്ധിതമായി തിരിച്ചടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നു അറിയിച്ച സംഘം മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച കോണ്‍ടാക്ട്് നമ്പരുകളില്‍ പരാതിക്കാരന്റെ മാന്യത തകരുന്ന വിധത്തില്‍ സന്ദേശങ്ങളും അയച്ചു. ഇതേത്തുടര്‍ന്നാണ് പടിഞ്ഞാറത്തറ സ്വദേശി പോലീസിനെ സമീപിച്ചത്.

 

 

Latest News