ശബരിമല- പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയതോടെ ശബരിമലയില്‍
നിയന്ത്രണങ്ങള്‍ പാളുന്നു. ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കിനാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. ദീപാരാധന സമയം വരെ ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്ത 22,389 പേര്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ നിര്‍മ്മാല്യത്തിന് നട തുറന്നപ്പോള്‍ മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ വലിയ നടപ്പന്തലില്‍ തിരക്ക് അനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഒരാഴ്ച മുമ്പ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായില്ല. തീര്‍ഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പാ സ്‌നാനം അനുവദിക്കണം, തീര്‍ഥാടകരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കണം, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നെയ്യഭിഷേകത്തിന് അവസരം നല്‍കണം, നീലിമല പാത തുറന്ന് നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ കത്ത് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സന്നിധാനം എ.ഡി.എം അനുകൂലമായ സുരക്ഷാ ഓഡിറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.