Sorry, you need to enable JavaScript to visit this website.

ശുഹൈബിന്റെ കൊലയാളികളെ  പോലീസ് തിരിച്ചറിഞ്ഞു

പാർട്ടി ഗ്രാമങ്ങളിൽ റെയ്ഡിനെത്തിയ പോലീസ്.

കണ്ണൂർ- ശുഹൈബ് വധക്കേസിൽ നാല് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. ഇവർക്ക് സഹായം നൽകിയ ആറു പേരെ കസ്റ്റഡിയിലെടുത്തു. പ്രതികൾ ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ച മുടക്കോഴി മലയിലും മച്ചൂർ മലയിലും ഇരിട്ടിയിലെ പാർട്ടി ഗ്രാമങ്ങളിലുമാണ് തിരച്ചിൽ നടത്തിയത്. മുടക്കോഴി മലയിൽ ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രമിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. 
ശുഹൈബ് വധം നടന്ന് അഞ്ചാം ദിവസമാണ് അന്വേഷണ സംഘം സംഭവവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിലെടുക്കുന്നത്. കൃത്യനിർവഹണത്തിന് ശേഷം പ്രതികൾക്കു ഒളിവിൽ കഴിയാനും മറ്റും സഹായങ്ങൾ ചെയ്ത ഇരിട്ടി, പായം, തില്ലങ്കേരി മേഖലയിൽനിന്നുള്ള ആറ് സി.പി.എം പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കൃത്യത്തിൽ പങ്കെടുത്ത നാല് പേരെക്കുറിച്ച കൃത്യമായ വിവരങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. 
സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷവും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷണ സംഘത്തിനു നേരെ കടുത്ത വിമർശമുയർന്നിരുന്നു. ഇതിനു ശേഷമാണ് കൃത്യം നടന്ന സ്ഥലങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചത്. കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ വായാന്തോട്ടുള്ള ഒരു സ്ഥാപനത്തിലെ സി.സി.ടി.വിയിൽ നിന്നാണ് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചത്. 
വെള്ള വാഗണർ കാറിലെത്തി കൃത്യം നിർവഹിച്ച സംഘം മട്ടന്നൂർ ഭാഗത്തേക്കാണ് പോയതെന്ന് അക്രമത്തിൽ പരിക്കേറ്റവർ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. 
വായാന്തോട്ടിൽ നാല് പേർ വാഗണർ കാറിൽനിന്നിറങ്ങി മറ്റൊരു വാഹനത്തിൽ കയറുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിൽ രണ്ടു പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതിനു പിന്നാലെയാണ് ആറു പേരെ വിവിധ സ്ഥലങ്ങളിൽനിന്നായി കസ്റ്റഡിയിലെടുത്തത്.
കേസിൽ യഥാർഥ പ്രതികളെ തന്നെ പിടികൂടണമെന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്.പിയും അന്വേഷണത്തിൽ പങ്കാളിയായത്. സി.പി.എം നിയന്ത്രണത്തിൽ  മട്ടന്നൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണ് കൊലക്കു പിന്നിലെന്ന് നേരത്തെ തന്നെ പോലീസിനു സൂചന ലഭിച്ചിരുന്നു. കൊല നടത്തുന്ന സമയത്ത് ഇവർ പറഞ്ഞ കാര്യങ്ങളിൽനിന്നാണ് ഈ സൂചന ലഭിച്ചത്. 
കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങിയ പ്രതികളടക്കം ഈ കൊലപാതകത്തിൽ പങ്കാളികളായിരുന്നതായി പ്രതിപക്ഷ നേതാവടക്കം ആരോപിച്ചിരുന്നു. ടി.പി കേസിലെ പ്രതികൾക്കു ഒരുമിച്ചു പരോൾ നൽകിയ സംഭവം വിവാദമാവുകയും ചെയ്തു. ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നു സംശയിക്കാവുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം കൊടി സുനി അടക്കമുള്ള ക്രിമിനൽ സംഘം പാർട്ടി ഗ്രാമമായ മുടക്കോഴി മലയിലാണ് ഒളിവിൽ കഴിഞ്ഞത്. 

 

Latest News