Sorry, you need to enable JavaScript to visit this website.

ഇവരെയൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല, സഹായിച്ചവരെ സന്ദര്‍ശിച്ച് എം.എ.യൂസഫലി

ബിജിയും ഭര്‍ത്താവ് രാജേഷ് ഖന്നയും യൂസുഫലിയോടൊപ്പം
യൂസഫലി പീറ്റര്‍ ഏലിയാസിന്റെ വീട്ടില്‍.

പനങ്ങാട്- കഴിഞ്ഞ ഏപ്രിലിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അത്ഭുതരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നന്ദി പറയാനായി വനിതാ പോലീസ് ഓഫീസര്‍ കുമ്പളം സ്വദേശി എ.വി ബിജിയുടെയും ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ  ഉടമ നെട്ടൂര്‍ സ്വദേശി പീറ്റര്‍ ഏലിയാസ് നികോളാസിന്റേയും വീടുകളിലെത്തി.  ഞായറാഴ്ച ഉച്ചയോടെയാണ് യൂസഫലി പനങ്ങാട് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജിയുടെ കുമ്പളത്തെ വീട്ടില്‍ നേരിട്ടെത്തി നന്ദി പറഞ്ഞത്.
ഇതിനു പിന്നാലെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയും നെട്ടൂര്‍ സ്വദേശിയുമായ പീറ്റര്‍ ഏലിയാസ് നികോളാസിന്റെ വീടും സന്ദര്‍ശിച്ചു. നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ലോക് ഷോര്‍ ആശുപത്രിയിലേക്ക് പോകംവഴിയാണ് യൂസഫലിയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.  ദൈവമാണ് രക്ഷിച്ചത്. അപകടം നടന്നപ്പോള്‍ മഴയത്ത് കുടയുമായെത്തി സഹായിച്ചത് തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥനാണ്. എല്ലാവരും ചേര്‍ന്നാണ് ഹെലികോപ്റ്ററില്‍ നിന്ന് താഴെയിറക്കിയത്. ആശുപത്രിയിലേക്ക് പോകുന്നതു വരെ ഈ വീട്ടിലാണ് കഴിഞ്ഞത്.
ഇവരെ കാണാന്‍ എത്തുമെന്ന് നേരത്തെ പറഞ്ഞതാണ്. എന്നാല്‍, പല കാരണം കൊണ്ട് കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. നാലു മാസം വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയക്കും വിശ്രമത്തിനും ശേഷം ഇപ്പോള്‍ നടക്കാന്‍ തുടങ്ങി. എല്ലാവരും നല്‍കിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നു- യൂസഫലി പറഞ്ഞു.
വീട്ടിലെത്തിയ യൂസഫലിയെ ബിജിയും ഭര്‍ത്താവ് രാജേഷ് ഖന്നയും ചേര്‍ന്ന് സ്വീകരിച്ചു. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ യൂസഫലി സമ്മാനങ്ങള്‍ നല്‍കി. ബിജിക്കും കുടുംബത്തിനുമൊപ്പം അല്‍പ സമയം ചെലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്. യൂസഫലിയുടെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്ന് ബിജിയും രാജേഷ് ഖന്നും മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 11നാണ് യൂസഫലിയും ഭാര്യയും ജീവനക്കാരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് എറണാകുളം പനങ്ങാടുള്ള ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കിയത്.
പനങ്ങാട് ഫിഷറീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് ഹെലികോപ്റ്ററിന് തകരാറുണ്ടായത്. പ്രധാനഭാഗം ചതുപ്പില്‍ മുങ്ങിയ കോപ്റ്ററില്‍ നിന്ന് യൂസഫലിയെയും ഭാര്യയെയും വിന്‍ഡോ ഗ്ലാസ് നീക്കിയാണ് പൈലറ്റ് പുറത്തിറക്കിയത്
തുടര്‍ന്ന് ബിജിയും ഭര്‍ത്താവ് രാജേഷ് ഖന്നയും ചേര്‍ന്ന് വീട്ടിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് സമീപത്തെ പനങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തി ബിജി വിവരമറിയിക്കുകയും ജീപ്പ് എത്തിച്ച് യൂസഫലിയെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് കാണിച്ച ധീരതക്ക് വനിത പോലീസ് ഓഫീസറായ ബിജിക്ക് ഡി.ജി.പിയുടെ പ്രശംസാപത്രവും പാരിതോഷികവും നല്‍കി കേരള പൊലീസ് ആദരിച്ചിരുന്നു.

 

Latest News