Sorry, you need to enable JavaScript to visit this website.

ആലപ്പുഴയിൽ കെ.എസ്.യു-ഡി.വൈ.എഫ്.ഐ സംഘർഷം; 10 പേർക്ക് പരിക്ക് 

ആലപ്പുഴയിൽ കെ.എസ്.യു-ഡി.വൈ.എഫ്.ഐ സംഘർഷമുണ്ടായ മുല്ലക്കലിൽനിന്നുള്ള ദൃശ്യം.

ആലപ്പുഴ-സമര കാഹളം സംസ്ഥാന സംഗമത്തിനെത്തിയ കെ.എസ്.യു പ്രവർത്തകരും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഡിവൈ.എസ്.പി ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്. നിരവധി വാഹനങ്ങൾ തകർക്കുകയും ഇരു പാർട്ടികളുടെയും കൊടിതോരണങ്ങളും ഫഌക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുകയും മണിക്കൂറുകളോളം നഗരത്തിൽ അക്രമം അഴിച്ചുവിടുകയും ചെയ്തു. രാത്രിയും സംഘർഷാന്തരീക്ഷത്തിന് അയവു വന്നിട്ടില്ല. മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.  
കൊച്ചി കോർപറേഷൻ മുൻ മേയർ ടോണി ചമ്മിണി, ആലപ്പുഴ ഡിവൈ.എസ്.പി. പി.വി. ബേബി എന്നിവരുൾപ്പെടെ പത്തോളം പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ ഇന്ന് ഉച്ച വരെ കോൺഗ്രസും സി.പി.എമ്മും ഹർത്താലിന് ആഹ്വാനം ചെയ്തു. മുനിസിപ്പൽ സ്റ്റേഡിയത്തിൽനിന്നാരംഭിച്ച കെ.എസ്.യു റാലിക്കിടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങൾ തകർത്തിരുന്നു. ഇതറിഞ്ഞ് സംഘടിച്ചെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമ്മേളനത്തിനെത്തിയവർ വന്ന ബസുകളുടെ ചില്ലുകൾ എറിഞ്ഞുതകർക്കുകയായിരുന്നു. പിന്നീട് മുല്ലക്കലിലെ സമ്മേളന വേദിക്ക് സമീപവും ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. 
ഇതിനിടെ, കോൺഗ്രസ് നേതാക്കളുടേതടക്കമുള്ള വാഹനങ്ങൾ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. സമ്മേളനത്തിനെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി,  ബെന്നി ബഹനാൻ, നെയ്യാറ്റിൻകര സനൽ  എന്നിവരുടെ കാറിന്റെ ചില്ലുകൾ  സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എറിഞ്ഞുതകർത്തു. വൈ.എം.സി.എക്ക് സമീപത്തു പാർക്ക് ചെയ്തിരുന്ന കെ.എസ്.യു പ്രവർത്തകരെത്തിയ ബസുകളും തകർത്തവയിൽ പെടുന്നു. പത്തോളം വാഹനങ്ങളാണ് തകർക്കപ്പെട്ടത്. മുല്ലയ്ക്കൽ ഗ്രൗണ്ടിലേക്ക് പ്രകടനമായെത്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും കല്ലും വടിയും മറ്റും വലിച്ചെറിഞ്ഞ് കൂടുതൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.  കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. 

 

 

Latest News