ഡീൻ കുര്യാക്കോസ് എം.പിയുടെ ഉപവാസം
ഇടുക്കി- മുല്ലപ്പെരിയാർ ഡാമിൽ അപകട ഭീഷണി ഇല്ല, ആശങ്ക വേണ്ട എന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഡാം ജലബോംബ് ആണെന്നും ഏത് സമയത്തും തകർന്നു വീഴുമെന്നും പറഞ്ഞ് കൈയടി വാങ്ങാൻ നെടുങ്കണ്ടത്ത് പ്രസംഗിച്ച എം.എം മണിക്ക് ഈ ആശങ്ക പിണറായി വിജയന്റെ മുന്നിൽ പറയുവാൻ തന്റേടം ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ അനുമതി കൊടുത്തിട്ട്, ഞാനൊന്നുമറിഞ്ഞില്ലെന്ന് പൊട്ടൻ കളിക്കുന്ന മുഖ്യമന്ത്രിയും വനം ജലവിഭവ വകുപ്പ് മന്ത്രിമാരും കേരളീയ സമൂഹത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിൽ ആണെന്നും ഇക്കാര്യത്തിലുള്ള ഉന്നതതല ഗൂഢാലോചന അന്വേഷണ വിധേയമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകത്ത് ഡീകമ്മീഷൻ ചെയ്യേണ്ട ചുരുക്കം ചില ഡാമുകളുടെ പട്ടികയിൽ ഉള്ളതാണ് മുല്ലപ്പെരിയാർ ഡാം എന്നും പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽ യു.ഡി.എഫ് ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ എസ്.അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മാത്യു കുഴൽനാടൻ എം.എൽ.എ, ജോണി നെല്ലൂർ, കെ.ഫ്രാൻസിസ് ജോർജ്, ജെയ്സൺ ജോസഫ്, ഇ.എം അഗസ്തി, റോയി കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി തോമസ്, എ.കെ. മണി, എം.എസ് മുഹമ്മദ്, കെ.എ കുര്യൻ, സുരേഷ് ബാബു പ്രസംഗിച്ചു.