- ഇൻവോയ്‌സ് മൂലം 15 ശതമാനം സ്ഥാപനങ്ങൾ അടച്ചിടാൻ സാധ്യത
ജിദ്ദ- തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങളുടെ പേരിൽ ഇഷ്യൂ ചെയ്ത ലെവി ഇൻവോയ്‌സ് 15.6 ശതമാനം സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് ഉടമകളെ നിർബന്ധിതരാക്കുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് രേഖാമൂലം മുന്നറിയിപ്പ് നൽകി. ലെവി ഇൻവോയ്‌സ് സ്വകാര്യ മേഖലയിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ മന്ത്രാലയത്തിന് നൽകിയ കത്തിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് അക്കമിട്ട് നിരത്തി.
പതിനൊന്നു ശതമാനം സ്ഥാപനങ്ങൾക്ക് ലെവി ഇൻവോയ്‌സ് കടുത്ത സാമ്പത്തിക ഭാരം സൃഷ്ടിക്കും. 5.6 ശതമാനം സ്ഥാപനങ്ങൾക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന് സാധിക്കാത്ത സാഹചര്യം ഉടലെടുക്കും. 2.8 ശതമാനം സ്ഥാപനങ്ങൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അധിക സാമ്പത്തിക ഭാരം വഹിക്കേണ്ടിവരും. 2.6 ശതമാനം സ്ഥാപനങ്ങളുടെ പ്രവർത്തന പദ്ധതി അനിശ്ചിതത്വത്തിലാകും.
ജിദ്ദ ചേംബറിനു കീഴിലെ വ്യാപാരി, വ്യവസായികളിൽ 95.2 ശതമാനം പേരും ലെവി ഇൻവോയ്‌സ് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന അഭിപ്രായക്കാരാണ്. 2.8 ശതമാനം പേർ അനുകൂല ഫലം നൽകുമെന്നും രണ്ടു ശതമാനം പേർ പ്രത്യേകിച്ച് പ്രത്യാഘാതങ്ങളൊന്നുമുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടു.
ലെവി ഇൻവോയ്‌സ് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഏഴു നിർദേശങ്ങൾ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുൻപാകെ സമർപ്പിച്ചു. ഫൈനൽ എക്‌സിറ്റ് നൽകുന്ന വിദേശികളുടെ വർക്ക് പെർമിറ്റിൽ അവശേഷിക്കുന്ന കാലാവധിക്ക് അനുസൃതമായ ലെവി തുക സ്വകാര്യ സ്ഥാപനങ്ങൾക്ക് തിരിച്ചു നൽകുക, സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തിന് തുല്യമായത്ര വിദേശികളെ ലെവിയിൽനിന്ന് ഒഴിവാക്കുക, വിദേശ തൊഴിലാളികൾ തങ്ങളുടെ ആശ്രിതർക്കുള്ള ലെവി അടയ്ക്കുന്നതിനെയും സ്വകാര്യ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച നടപടി എടുത്തുകളയുക, ഫൈനൽ എക്‌സിറ്റ് അനുവദിക്കുന്നതിന് കഴിയാത്ത രാജ്യക്കാരായ ഫലസ്തീനികളും ബർമക്കാരും പോലുള്ള തൊഴിലാളികൾ ആശ്രിത ലെവി അടയ്ക്കാത്ത പക്ഷം അവരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ രേഖകളിൽനിന്ന് നീക്കം ചെയ്യുന്നതിന് സ്ഥാപനങ്ങളെ അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു മുന്നിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് സമർപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്.