മക്ക - ഇപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇളവുകളും പ്രയോജനപ്പെടുത്തി ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർ എത്രയും വേഗം പദവികൾ ശരിയാക്കണമെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും മക്ക ചേംബറിലെ ബിനാമി ബിസിനസ് കമ്മിറ്റി പ്രസിഡന്റുമായ നായിഫ് അൽസായിദി ആവശ്യപ്പെട്ടു. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഭീമമായ നഷ്ടമാണ് ബിനാമി ബിസിനസ് പ്രവണത മൂലമുണ്ടാകുന്നത്. ബിനാമി ബിസിനസുകൾ സ്വദേശി യുവതീയുവാക്കൾക്ക് കോട്ടം തട്ടിക്കുകയും തൊഴിൽ, ബിസിനസ് അസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
മക്ക ചേംബർ ഓഫ് കൊമേഴ്‌സിൽ ദിവസങ്ങൾക്കു മുമ്പ് ബിനാമി വിരുദ്ധ ദേശീയ കമ്മിറ്റി യോഗം ചേർന്നിരുന്നു. മുഴുവൻ മേഖലകളിലും പ്രവർത്തിക്കുന്ന ബിനാമി സ്ഥാപനങ്ങൾ പദവി ശരിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിൽ ദേശീയ സുരക്ഷാ സേനയെയും പബ്ലിക് പ്രോസിക്യൂഷനെയും നീതിന്യായ മേഖലയെയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ബിനാമി ബിസിനസ് പദവി ശരിയാക്കൽ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് പദവി ശരിയാക്കൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പദവി ശരിയാക്കൽ അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ, അപേക്ഷകൾ പഠിച്ച് നടപടികൾ പൂർത്തിയാക്കുന്നതു വരെ ഒരുവിധ നിയമ, ശിക്ഷാ നടപടികളും സ്വീകരിക്കില്ല.