അങ്കമാലി-തുറവൂരിൽ മാംസവിൽപ്പനക്കട ആക്രമിച്ച് 45000 രൂപ കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. തുറവൂർ പുല്ലാനി ചാലക്ക വീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു 30), തുറവൂർ തോപ്പിൽ വീട്ടിൽ അജയ്(24) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. കഴിഞ്ഞ 20 ന് തുറവൂർ മൂപ്പൻ കവലയിലെ മാംസ വിൽപ്പന കടയിലാണ് സംഭവം. കടയിൽ എത്തിയ സംഘം അക്രമം അഴിച്ച് വിട്ട് ഭീതി പരത്തി പണവും എടുത്ത് കടന്നു കളയുകയായിരുന്നു. മുപ്പത്തയ്യായിരം രൂപയുടെ നാശനഷ്ടവും ഉണ്ടാക്കി. പിന്നീട് ഇവർ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ കിഴക്കമ്പലത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. വിവിധ സ്റ്റേഷനുകളിലായി പതിനൊന്നു കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർ എസ് സാദത്ത്, എസ്.സി.പി.ഒ മാരായ സാനി തോമസ്, കെ.എസ്.വിനോദ്, എൻ.എം അഭിലാഷ്, ബെന്നി ഐസക് , പ്രസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.