തിരുവനന്തപുരം- കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു വ്യക്തമാക്കി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ.വി.രജനീഷ് അംഗീകരിച്ചു. തുടർന്ന് കേസ് കോടതി തള്ളി.
പീഡന പരാതി വ്യാജമാണെന്നു കാട്ടി 2021 ജൂൺ 16നാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജികൂടി പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘമാണ് വൈദ്യപരിശോധന നടത്തിയത്. പരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവുകൾ ലഭിച്ചില്ല. അമ്മയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് സമർപ്പിച്ചത്. ഭർത്താവിന്റെ പ്രേരണയിലാണ് കുട്ടി വ്യാജ പരാതി നൽകിയത് എന്നാണ് കോടതി കണ്ടെത്തിയത്. 2017 മുതൽ 2020 വരെ അമ്മ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടും പോക്സോ കോടതി നടപടി എടുക്കാത്തതിനാൽ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് വേഗത്തിൽ അവസാനിപ്പിക്കണം എന്ന ഉത്തരവ് ഹൈക്കോടതി നൽകിയത്.