മുംബൈ: ഇംഗ്ലണ്ടിൻ്റെ ജിം ലെയ്ക്കർക്കും ഇന്ത്യയുടെ അനിൽ കുംബ്ലെക്കും പിന്നാലെ ന്യൂസിലാൻ്റിൻ്റെ അജാസ് പട്ടേൽ ചരിത്രമെഴുതി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റും സ്പിന്നർ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഇന്നിംഗ്സിലെ 10 വിക്കറ്റുമെടുക്കുന്ന മൂന്നാമത്തെ ബൗളറായി അജാസ്.
47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് അജാസ് എല്ലാ വിക്കറ്റും കൈക്കലാക്കിയത്. മുംബൈയിൽ ജനിച്ച അജാസ് മുംബൈയിലാണ് ക്രിക്കറ്റിൻ്റെ ബാലപാഠം അഭ്യസിച്ചത്. പിന്നീട് ന്യൂസിലാൻ്റിലേക്ക് കുടിയേറുകയായിരുന്നു. ആദ്യമായി അജാസിൻ്റെ കുടുംബാംഗങ്ങൾ ഗാലറിയിൽ കളി കാണാനുണ്ടായിരുന്നു. ദൽഹിയിൽ പാക്കിസ്ഥാനെതിരെ ആയിരുന്നു കുംബ്ലെ 10 വിക്കറ്റെടുത്തത്. ഇന്ത്യ 325 ന് ഓൾ ഔട്ടായി. മായങ്ക് അഗർവാൾ 150 റൺസെടുത്തു. അക്ഷർ പട്ടേൽ (52) അർധ ശതകം നേടി.