കോഴിക്കോട്- വഖഫ് വിഷയം പള്ളികളിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായ്. തമ്മിൽ തല്ലിച്ച് വില്ലൻ ചിരിക്കുകയാണെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ പോസ്റ്റിൽ നാസർ ഫൈസി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തമ്മിൽ തല്ലിച്ച് വില്ലൻ ചിരിക്കുന്നു
മുസ്ലിം നേതൃസമിതി തീരുമാനപ്രകാരം വഖഫ്: സംബന്ധമായി പള്ളിയിൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചത് പ്രഖ്യാപിച്ചപ്പോൾ പല വഴി ചർച്ചകൾ വന്നു. തൽക്കാലം അന്ന് (3/12/21) ന് വേണ്ടെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ പറഞ്ഞു.
അതിന് കാരണമാക്കിയത് സി.പി.എം നേതൃത്വത്തിന്റെ നിലപാടാണ്. ബോധവൽക്കരണത്തെപ്രതിഷേധമായും രാഷ്ട്രീയമായും ചിത്രീകരിച്ചു. പ്രശ്‌നങ്ങൾ ഉണ്ടാകും എന്ന ഭീഷണി മുഴക്കലുമായി. പള്ളികൾ സംഘർഷ ഇടമാകരുതെന്ന് കരുതി ജാഗ്രതയുടെ ഭാഗമായി ജിഫ്രി തങ്ങൾ തൽക്കാലം വേണ്ടെന്ന് വെച്ചു.
ഈ വിഷയം പള്ളി വിട്ട് സൈബറിടത്തിൽ സംഘർഷമായത് ദൗർഭാഗ്യകരമാണ്. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സയ്യിദ് ജിഫ്രി തങ്ങളുടെ നിലപാടിനെ ''സൂക്ഷ്മത ' എന്നാണ് വിശേഷിപ്പിച്ചത്.അങ്ങിനെ ഉൾക്കൊള്ളാമല്ലോ?എന്നിട്ടും ചർച്ച കൊഴുപ്പിക്കുന്നത് അനാരോഗ്യകരമാണ്.
ഇവിടെ 'വില്ലൻ ' മാറി നിന്ന് ഊറിച്ചിരിക്കുന്നുണ്ടെന്നും നമ്മുടെ അവകാശം നേടുന്നതിന് കൂട്ടായ്മയാണ് ശക്തമാവേണ്ടത് എന്നും തിരിച്ചറിയേണ്ടത് ഉമ്മത്താണ്.
പള്ളിയിലെ ഉൽബോധനം രാഷ്ട്രീയമാക്കുന്ന സി.പി.എം മറുപടി പറയേണ്ട ചിലതുണ്ട്.
1. വഖഫ് :മത വിഷയമാണ്. പള്ളിയിലെത്തുമ്പോൾ അതെങ്ങിനെ രാഷ്ട്രീയമാകുന്നത്?
2. ശരീഅത്ത്, മതരഹിത ജീവൻ, ബാബ്രി മസ്ജിദ്,മുത്തലാഖ്, വിവാഹപ്രായം.. എല്ലാം മതവിഷയമായിരുന്നു. അവിടെയും പ്രതിക്കൂട്ടിൽ ഭരണകൂടമായിരുന്നു.ശരീഅത്ത് വിഷയത്തിൽ തികച്ചും സി.പി.എമും.എന്നിട്ടും പള്ളിയിൽ ബോധവൽക്കരണം,ഒപ്പുശേഖരണം ,പ്രതിഷേധ കമ്പി സന്ദേശം.. എല്ലാം നടത്തി.
മുസ്ലിം സംഘടനകളിൽ ചില ഒറ്റപ്പെട്ടവർക്ക് ഇക്കാര്യത്തിൽ ചിലതിലൊക്കെ വേറിട്ട അഭിപ്രായമുണ്ടായിരുന്നു.രാഷ്ട്രീയ ചാപ്പ കുത്തൽ അന്നൊന്നു മുണ്ടായിരുന്നില്ല.
3. പള്ളിയിൽ എതിരഭിപ്രായക്കാരുമുണ്ടാകും എന്നാണെങ്കിൽ ശരീഅത്ത് വിഷയത്തിലും അതുണ്ടായിരുന്നല്ലോ.
വഖഫ് ബോർഡ് വിഷയത്തിൽ എല്ലാ രാഷ്ട്രീയക്കാരു മുണ്ടാകുമെന്ന വാദം സമസ്തയുടെ പള്ളിക്ക് മാത്രമാണോ ബാധകം. മുജാഹിദ് പള്ളികളിൽ സി.പി.എം. അനുകൂലികളുണ്ടായിട്ടും ഈ വിരട്ടൽ അവിടെ നടന്നില്ലല്ലോ?
4.രാഷ്ട്രീയം പറയരുതല്ലോ! തെരഞ്ഞെടുപ്പ് സമയത്ത് മതവും വർഗ്ഗവും നോക്കിസ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും ഇടയലേഖനങ്ങൾ ക്രിസ്ത്യൻ പള്ളിൽ നിരന്തമായി വായിച്ചപ്പോൾ ക, മ മിണ്ടിയില്ലല്ലോ.
ഗവൺമെന്റിനോടുള്ള വിയോജിപ്പ് പള്ളിയിൽ ബോധ്യപ്പെടുത്തുമ്പോൾ അതിനെതിരെ തിട്ടൂരമിറക്കുന്നത് ഫാഷിസമാണ്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടയുന്ന സംഘ് പരിവാറിനെ അധിക്ഷേപിക്കുന്നവർ തന്നെ ഈ രാഷ്ട്രീയ ഫാഷിസം കാണിക്കുന്നത് കണ്ണാടി കൂട്ടിലിരുന്ന് കല്ലെറിയുകയാണ് ചെയ്യുന്നത്.