തിരുവനന്തപുരം- തിരുവല്ലയിൽ സന്ദീപിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ്-ബി.ജെ.പി സംഘമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിന് പിന്നിലെ ഗൂഢാലോചന അവസാനിപ്പിക്കാൻ ഉന്നതതല സംഘം അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇടതുസർക്കാർ അധികാരത്തിലെത്തിയ ശേഷം 20 സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിൽ 15 പേരെയും കൊന്നത് ബി.ജെ.പിയാണ്. 588 സി.പി.എം പ്രവർത്തകരാണ് ഇതോടകം കേരളത്തിൽ കൊല്ലപ്പെട്ടത്. പ്രവർത്തകരെ കൊന്ന് പാർട്ടിയെ ഇല്ലാതാക്കാനാകില്ല. കൊലയ്ക്ക് പകരം കൊല എന്നത് സി.പി.എം മുദ്രാവാക്യമല്ല. കൊലയാളി സംഘത്തെ ഒറ്റപ്പെടുത്താൻ എല്ലാവരും രംഗത്തിറങ്ങണം. ആർ.എസ്.എസുകാർ സൃഷ്ടിക്കുന്ന പ്രകോപനത്തിൽ പെടാതെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണം. ആത്മസംയമനം പാലിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഈ മാസം ഏഴിന് ന്യൂനപക്ഷ സംരക്ഷണ ദിനം ആചരിക്കുമെന്നും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കും ദലിത് വിഭാഗങ്ങൾക്കുമെതിരെ കടുത്ത ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെതിരെയാണ് ന്യൂനപക്ഷ ദിനാചരണം സംഘടിപ്പിക്കുന്നത്. മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ സംഘ്പരിവാർ ആക്രമണം അഴിച്ചുവിടുകയാണെന്നും കോടിയേരി പറഞ്ഞു. ആർ.എസ്.എസ് രാജ്യത്ത് മതരാഷ്ട്രം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് എതിരെ എല്ലാവരും യോജിച്ചുനിൽക്കണം. തലശേരിയിൽ ആർ.എസ്.എസ് പ്രകോപനപരമായ മുദ്രാവാക്യമാണ് വിളിച്ചത്. ഇതിനെതിരെ രംഗത്തെത്തിയ എസ്.ഡി.പി.ഐ രംഗത്തിറങ്ങിയതും പ്രതിഷേധാർഹമാണ്. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ യു.ഡി.എഫും ബി.ജെ.പിയും രംഗത്തിറങ്ങിയെന്നും കോടിയേരി പറഞ്ഞു.