ദമാം - ബിനാമി ബിസിനസ് വിരുദ്ധ നടപടികളുടെ ഭാഗമായി നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് മൂന്നു ദിവസത്തിനിടെ നടത്തിയ പരിശോധനകളില്‍ 260 സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
അശ്ശര്‍ഖിയ നഗരസഭക്കു കീഴിലെ വസതുദ്ദമാം ബലദിയയും കിഴക്കന്‍ പ്രവിശ്യ വാണിജ്യ മന്ത്രാലയ ശാഖയും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖയും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയും സഹകരിച്ചാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമില്‍ പങ്കാളിത്തം വഹിക്കുന്ന വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന റെയ്ഡുകളുടെ ഭാഗമായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെയുള്ള ദിവസങ്ങളില്‍ ദമാമിലെ വിവിധ ഡിസ്ട്രിക്ടികുളില്‍ പ്രവര്‍ത്തിക്കുന്ന 840 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.
നിയമ ലംഘനങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ലക്ഷ്യമിട്ട് ശക്തമായ ഫീല്‍ഡ് പരിശോധനകള്‍ തുടരുമെന്ന് അശ്ശര്‍ഖിയ നഗരസഭ പറഞ്ഞു. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരിക്കല്‍ അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറില്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്നും അശ്ശര്‍ഖിയ നഗരസഭ ആവശ്യപ്പെട്ടു.