പാലക്കാട്- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം മറക്കല്‍ വീട്ടില്‍ നിസാര്‍ എന്ന നിഷാദിനെ(37)യാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐയുടെ സജീവ പ്രവര്‍ത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
ഗൂഢാലോചന, അക്രമിസംഘത്തെ രക്ഷപ്പെടാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. എലപ്പുള്ളിയില്‍ നേരത്തേ നടന്ന ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ സക്കീര്‍ ഹുസൈന്റെ ബന്ധുവാണ് നിസാര്‍. ഇതോടെ സഞ്ജിത് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തില്‍ എട്ടു പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ അഞ്ചു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഡാലോചന, രക്ഷപ്പെടാന്‍ സഹായിക്കല്‍ എന്നീ വകുപ്പുകളില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയിലിടം പിടിക്കാനിടയുണ്ടെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ആര്‍.വിശ്വനാഥ് അറിയിച്ചു. നവംബര്‍ 14നാണ് എലപ്പുള്ളിയിലെ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് മമ്പ്രത്തെ ഭാര്യവീടിനു സമീപത്ത് വെച്ച് കൊല്ലപ്പെട്ടത്. ബൈക്കില്‍ ഭാര്യക്കൊപ്പം പോകുകയായിരുന്ന യുവാവിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
േകസില്‍ ആദ്യം അറസ്റ്റിലായവരുടെ മൊഴിയനുസരിച്ചാണ് പോലീസ് മറ്റു പ്രതികളിലേക്ക് അടുക്കുന്നത്. പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അക്രമിസംഘം ഉപയോഗിച്ച കാറിന്റെ ഭാഗങ്ങള്‍ പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഒളിവില്‍ പോയ ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം മഫ്ടി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി അഭ്യൂഹം പരന്നു. പാലക്കാട് കോടതിക്കു പുറമേ ചിറ്റൂര്‍, ഒറ്റപ്പാലം കോടതി പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. കോടതി പരിസരത്ത് പോലീസിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രതികളെ സഹായിക്കുന്ന ചിലരുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്ന ആരോപണവുമായി സംഘ്പരിവാര്‍ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.
മുതിര്‍ന്ന എസ്.ഡി.പി.ഐ നേതാക്കളെ രക്ഷിക്കാനാണ് അറസ്റ്റുകള്‍ വൈകിക്കുന്നത് എന്ന് ബി.െജ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. കേസില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പ് കൂടി ഉള്‍പ്പെടുത്തണം എന്ന ആവശ്യം ആര്‍.എസ്.എസും ബി.െജ.പിയും ഉന്നയിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിനു പിന്നില്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ നടപടികളില്‍ എസ്.ഡി.പി.ഐ നേതാക്കളും പ്രതിഷേധമുയര്‍ത്തുന്നു. ആര്‍.എസ്.എസിന്റെ താല്‍പര്യമനുസരിച്ച് പ്രതികളെ സൃഷ്ടിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നും തങ്ങളുടെ പ്രവര്‍ത്തകരെ അനാവശ്യമായി വേട്ടയാടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്നുമാണ് അവരുടെ ആരോപണം.