എന്തിനാണ് കണ്ണൂരിൽ ശുഹൈബ് എന്ന 28കാരനെ കാൽമുട്ടിനു താഴെ 37 വെട്ടുകൾ ഏൽപിച്ച് കൊല്ലിച്ചത്? കേരളത്തിന്റെ മനസ്സാക്ഷി ഉയർത്തുന്ന ഈ ചോദ്യം നിസ്സഹായനായി പിടഞ്ഞു മരിച്ച ആ യുവാവിന്റെ കൊലയാളികളോട് ചോദിച്ചിട്ടു കാര്യമില്ല. വാടകക്കൊലയാളികളെന്ന നിലയ്‌ക്കോ പാർട്ടി ക്രിമിനലുകൾ എന്ന നിലയ്‌ക്കോ ഏൽപിച്ച ദൗത്യം കിറുകൃത്യതയോടെ അവർ നിറവേറ്റിയെന്നേയുള്ളൂ.
ശുഹൈബിന്റെ ജീവനെടുക്കേണ്ടത് കണ്ണൂരിലെ സി.പി.ഐ.എമ്മിന്റെ ആവശ്യമായിരുന്നു എന്നതിന്റെ പശ്ചാത്തല തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കണ്ണൂർ ജയിലിൽവെച്ച് ആദ്യശ്രമം നടന്നതിന്റെയും ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെന്നപോലെ ശുഹൈബിനെ ദൗത്യം പൂർത്തിയാക്കിയതിന്റെയും. ശുഹൈബിനെ കൊല്ലിച്ചത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയേണ്ടത് മൗനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ തട്ടകംകൂടിയായ കണ്ണൂരിലെ പാർട്ടിയുടെ നേതാവും ശുഹൈബിന്റേതടക്കം സംസ്ഥാനത്തെ ഏതൊരു പൗരന്റെയും ജീവൻ സംരക്ഷിക്കാൻ ഭരണഘടനാ ചുമതലയുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. മുന്നറിയിപ്പുണ്ടായിട്ടും കൊല തടയാനോ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ കഴിയാത്ത പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിയാണ്.
പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കണ്ണൂരിൽ മാത്രം നടക്കുന്ന പത്താമത്തെ രാഷ്ട്രീയ കൊലപാതകമാണ് ശുഹൈബിന്റേത്. മനസ്സാക്ഷിയുള്ളവരെയാകെ ഞെട്ടിച്ച ഈ കൃത്യം ചെയ്യിച്ചത് മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പാർട്ടിക്കാരാണ് എന്നത് ബോധ്യപ്പെട്ട സ്ഥിതിയിൽ പാർട്ടിയേയും പൊലീസിനെയും നയിക്കുന്ന പിണറായി വിജയനല്ലാതെ കൊല നടത്തിയതെന്തിന് എന്ന് ആധികാരികമായി പറയാൻ മാറ്റാർക്കും കഴിയില്ല.
യമന്റെ വാഹനമായി കണ്ണൂരിൽ വെളുത്ത കാർ ഉപയോഗിക്കുന്നത് സി.പി.എമ്മിന്റെ കൊലപാതക ശൈലിയാണെന്ന് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതിതന്നെ അംഗീകരിച്ചതാണ്. ശുഹൈബിനെ വധിക്കാൻ വെളുത്ത ഇന്നോവ കാറിലാണ് മുഖംമൂടിയണിഞ്ഞ് നാലംഗസംഘം ചെന്നത്. ശുഹൈബിന്റെ കാൽമുട്ടിനു താഴെ 37 വെട്ടുകൾ. തടുത്ത കൈപ്പത്തികളിൽ 4 വെട്ടുകൾ. മൊത്തം 41 വെട്ടുകൾ. ഈ ഒറ്റ അക്ക കൊലവാൾ വെട്ടുകൾക്ക് കണ്ണൂരിന്റേതായ സി.പി.എം ട്രേഡ്മാർക്കും ഗ്രേഡുമുണ്ട്.
മരണത്തിന്റെ വഴിയിലേക്ക് ടി.പി ചന്ദ്രശേഖരനെ ടെലഫോൺ വഴി നയിച്ചതുപോലെ വാട്‌സാപ്പ് സന്ദേശത്തിലൂടെ മുന്നറിയിപ്പു നൽകിയാണ് ശുഹൈബിന്റെ മേൽ മരണഭീകരർ ചാടിവീണത്. ടി.പി വധത്തിലെ ഇന്നോവ കാറിൽ കള്ള നമ്പർപ്ലേറ്റായിരുന്നെങ്കിൽ 'ഫോർ രജിസ്‌ട്രേഷൻ' ബോർഡുവെച്ചാണ് യമകിങ്കരന്മാർ എത്തിയത്. രജിസ്‌ട്രേഷൻപോലും നടത്താത്ത ഒരു പുത്തൻ കാറിൽ. ശുഹൈബ് ചോരവാർന്ന് മരിക്കുമ്പോഴേക്കും വാടകക്കൊലയാളികളെ ടി.പി കേസിലെന്നോണം കണ്ടെത്താനാവാത്തവിധം ഒളിപ്പിച്ചതും കണ്ണൂർ സി.പി.എമ്മിന്റെ സ്വാധീനശക്തിയും ആസൂത്രണശൈലിയുമാണ് വ്യക്തമാക്കുന്നത്.
ജനുവരി 12ന് എടയന്നൂരിലെ സ്‌ക്കൂളിൽ കെ.എസ്.യുവിന്റെ കൊടിമരം സി.പി.എം അനുഭാവികളായ ചുമട്ടുതൊഴിലാളികൾ തകർക്കുകയും അവിടെ സംഘർഷമുണ്ടാവുകയും ചെയ്തു. സ്ഥലത്തെ പൊതുപ്രവർത്തകൻ എന്ന നിലയിൽ ശുഹൈബ് ഇടപെട്ടതു സ്വാഭാവികം. പൊലീസ് ശുഹൈബിനെയും മറ്റ് നാല് കോൺഗ്രസ് പ്രവർത്തകരെയും പരാതിക്കാരെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇതിന്റെ വിശദാംശങ്ങൾ ആഭ്യന്തരവകുപ്പ് കൈവെള്ളയിലുള്ള മുഖ്യമന്ത്രിയോട് വിശദീകരിക്കേണ്ട കാര്യമില്ല. മുമ്പ് സി.പി.എം പ്രവർത്തകർക്കും പിണറായിക്കുതന്നെയും അനുഭവിക്കേണ്ടിവന്നത് ഇപ്പോൾ സി.പി.എം ശൈലിയായി നാട്ടിലും ഭരണത്തിലും ജനങ്ങൾ അനുഭവിക്കുമ്പോൾ.
ഒഞ്ചിയത്ത് ആർ.എം.പി ഏരിയാകമ്മറ്റി ആഫീസ് കഴിഞ്ഞദിവസം സി.പി.എം ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമിച്ചപ്പോൾ പൊലീസ് അവിടെ സ്വീകരിച്ചതും ഇതേശൈലി. ആർ.എം.പി പ്രവർത്തകരെ മർദ്ദിക്കുകയും അവരുടെയും അനുഭാവികളുടെ വീടുകൾക്കും വാഹനങ്ങൾക്കും ബോംബെറിയുകയും ചെയ്തത് പൊലീസിന്റെ സാന്നിധ്യത്തിൽ.
കരിക്കിൻകുല വെട്ടുംപോലെ ടി.പി ചന്ദ്രശേഖരന്റെ തലയെടുക്കുമെന്നാണ് സി.പി.എം നേതാക്കൾ പൊതുയോഗത്തിൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ശുഹൈബിന്റെ കാര്യത്തിൽ നിന്റെ നാളുകൾ എണ്ണപ്പെട്ടെന്നും ഞങ്ങളോട് കളിച്ചവരാരും വെള്ളംകിട്ടി മരിച്ചിട്ടില്ലെന്നും മുദ്രാവാക്യം മുഴക്കിയത് സി.പി.എംകാർ. കാണാൻ മുഖ്യമന്ത്രി താൽപര്യമെടുക്കില്ലെങ്കിലും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന്റെ പക്കലുണ്ട്. സാമൂഹ മാധ്യമങ്ങൾ അവ ജനങ്ങളെ കാണിച്ചതുമാണ്.
ശുഹൈബായാലും ടി.പി ചന്ദ്രശേഖരനായാലും മറ്റാരുമായാലും തനിക്കിഷ്ടമുള്ള വിശ്വാസം പുലർത്താനും അഭിപ്രായം പ്രകടിപ്പിക്കാനും സംഘടിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിൽ മൗലികമായുള്ളതാണ്. അത് നിഷേധിച്ച് തന്നെ ജയിലിലടച്ചപ്പോൾ
സുപ്രീം കോടതി വരെ കേസ് നടത്തി തന്റെ മൗലികാവകാശവും സ്വാതന്ത്ര്യവും സംരക്ഷിച്ച് മാതൃകകാട്ടിയത് ജന്മംകൊണ്ട് കണ്ണൂരിന് ചരിത്രത്തിൽ ഇടംനൽകിയ എ.കെ.ജിയാണ്. എടയന്നൂരിലെ ഒരു ശുഹൈബിനുകൂടി അവകാശപ്പെട്ട ആ സ്വാതന്ത്ര്യം എ.കെ.ജിയുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന സി.പി.എം കൊലയാളികളെ നിയോഗിച്ച് നിഷേധിക്കുന്നതെങ്ങനെ.
ശുഹൈബ് ഗൾഫ് ജോലി ഉപേക്ഷിച്ച് നാട്ടിൽവന്നത് ഏതെങ്കിലും ചെക്കുകേസിന്റെ പേരിലായിരുന്നില്ല എന്ന് വ്യക്തമാണ്. വീട്ടുകാർക്കും നാട്ടുകാർക്കുംവേണ്ടി നാട്ടിൽതന്നെ ജീവിച്ച് അവരെ സഹായിക്കാനായിരുന്നു മടക്കം. എടയന്നൂരിലെ വൃദ്ധയും ആലംബഹീനയുമായ ദേവിയമ്മയ്ക്ക് വീടുനിർമ്മിക്കാൻ കനിവു കാണിച്ചത് ശുഹൈബിന്റെ നേതൃത്വത്തിലായിരുന്നു. കൊല നടക്കുന്നതിന്റെ തലേന്നാളാണ് വീടിന്റെ നിർമ്മിതിക്കാവശ്യമായ സിമന്റ് ശുഹൈബ് സൗജന്യമായി എത്തിച്ചത്. ഇപ്പോൾ ശുഹൈബിന്റെ ഉമ്മയ്ക്കും വീട്ടുകാർക്കുമൊപ്പം കണ്ണീരൊഴുക്കുന്നത് ദേവിയമ്മ മാത്രമല്ല. റംസാൻ നാളുകളിൽ തങ്ങളുടെ വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്ന ശുഹൈബിന്റെ പുഞ്ചിരിക്കുന്ന മുഖം മറക്കാനാവാത്ത നിരവധി പാവപ്പെട്ട അമ്മമാരാണ്. തങ്ങൾക്ക് സാന്ത്വനവും സഹായവുമായി ശുഹൈബിന്റെ കൈത്താങ്ങ് ലഭിച്ച രോഗികളും പാവങ്ങളുമായ രാഷ്ട്രീയ വേർതിരിവില്ലാത്ത നിരവധി മനുഷ്യരാണ്. സി.പി.എമ്മിന്റെ കൊടിയും പാർട്ടി വാഴ്ചയും നിലനിൽക്കുന്ന പ്രദേശത്ത് കേരളത്തിൽ ഒരാൾ സ്വയം സേവന - സാന്ത്വന പ്രവർത്തനത്തിലേർപ്പെട്ടാൽ ഇതായിരിക്കും ഫലമെന്നാണോ ഈ കൊലപാതകത്തിന്റെ സന്ദേശമെന്ന് ക്രമസമാധാന പാലനത്തിന്റെ കസ്റ്റോഡിയനായ മുഖ്യമന്ത്രിയോടല്ലാതെ മറ്റാരോടാണ് ചോദിക്കുക.
ചോദ്യങ്ങൾ അവസാനിച്ചതുകൊണ്ടോ മുഖ്യമന്ത്രിയിൽനിന്ന് ഉത്തരംകിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടോ അല്ല ഈ കത്ത് തുടരുന്നത്. കൊലപാതക രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കുമെന്ന് സ്വബോധമുള്ള ഒരാൾക്കും കരുതാനുമാകില്ല. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും സംഘടനകൾ നുണ മാത്രമേ പറയൂ എന്ന ചരിത്രം ഇപ്പോൾ മുഖ്യമന്ത്രിയുടെ പാർട്ടികൂടി ഏറ്റെടുത്ത സ്ഥിതിയിൽ.
ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദൃശ്യ മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽ കണ്ണൂരിൽനിന്നുള്ള സി.പി.എം പ്രതിനിധിയോട് അവതാരകൻ ചോദിച്ചു: 'ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തതും ഏരിയാകമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും എങ്ങനെ?'
അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സി.പി.എം വക്താവിന്റെ തൊലിക്കട്ടിയുള്ള മറുപടി. അവതാരകൻ ചാനലിന്റെ കണ്ണൂരിലെ പ്രതിനിധിയെവിളിച്ച് അന്വേഷിക്കുന്നു. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ അന്നും ഇന്നും പാർട്ടിയുടെ പാനൂർ ഏരിയാകമ്മറ്റി അംഗമാണെന്ന് കണ്ണൂർ പ്രതിനിധി സാക്ഷ്യപ്പെടുത്തുന്നു. ലോക്കൽ-ഏരിയ സമ്മേളനങ്ങളിൽ കുഞ്ഞനന്തൻ പങ്കെടുത്തതിന്റെ തത്സമയ ദൃശ്യങ്ങൾ ചാനൽ പ്രേക്ഷകരെ കാണിക്കുന്നു.
അതേക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ കണ്ണൂർ ജില്ലാകമ്മറ്റിയംഗംകൂടിയായ സി.പി.എം വക്താവിന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്താൽ, ഏരിയാകമ്മറ്റിയിൽ അംഗമായാൽ എന്താണ് തെറ്റ്?
സി.പി.എമ്മുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്‌നവും ഇതുതന്നെയാണ്. ഇന്ത്യൻ ഭരണഘടനയനുസരിച്ചുള്ള നിയമവും ചട്ടവും കോടതിവിധിയുമൊന്നുമല്ല കണ്ണൂരിലെ നിയമവാഴ്ചയുടെ അടിസ്ഥാനം. സി.പി.എം ജില്ലാ കമ്മറ്റിയിൽനിന്ന് അപ്പപ്പോൾ നൽകുന്ന കൽപ്പനകളും ന്യായീകരണങ്ങളുമാണ് അവിടെ നിയമവും നീതിയും. സി.പി.എം ജനറൽ സെക്രട്ടറിയോ കേന്ദ്രകമ്മറ്റിയോപോലും എടുക്കുന്ന തീരുമാനങ്ങൾ കണ്ണൂർ സഖാക്കൾക്കു ബാധകമല്ല.
രാഷ്ട്രീയ എതിരാളികളെ വകവരുത്തുക എന്നത് സി.പി.എം നയമല്ലെന്നും ടി.പി വധക്കേസിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും ആവർത്തിച്ച് ഉറപ്പുനൽകിപ്പോന്നത് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയൻകൂടി ഉൾപ്പെട്ട പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയുമായിരുന്നു. നീതിപീഠത്തിന്റെ മനസ്സാക്ഷിയെത്തന്നെ തകർത്ത, താരതമ്യമില്ലാത്ത കാടത്തമെന്ന് വിശേഷിപ്പിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസിന്റെ കോടതിവിധി ഇന്നും നിലനിൽക്കുകയാണ്.
എന്നിട്ടും കുഞ്ഞനന്തനും മറ്റ് പ്രതികളും ഇപ്പോഴും പാർട്ടിയിൽ തുടരുന്നു. വിപ്ലവാഭിവാദ്യം ഏറ്റുവാങ്ങുന്നു. മുഖ്യമന്ത്രി പിണറായി നേരിട്ട് കൈകാര്യംചെയ്യുന്ന ആഭ്യന്തര-ജയിൽ വകുപ്പുകൾ കുഞ്ഞനന്തന്മാർക്ക് നിയമവ്യവസ്ഥകൾ ലംഘിച്ച് പരോളും ജയിലിൽ സുഖസൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.
വാടകക്കൊലയാളികൾക്കടക്കം ഈ കേസിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബങ്ങൾക്ക് പ്രതിമാസം 30,000 രൂപ മുടങ്ങാതെ കുടുംബ അലവൻസായി പാർട്ടി ഓഫീസിൽ നിന്ന് എത്തിക്കുന്നു. പെൻഷൻ ലഭിക്കാതെ പൊതുമേഖലാ ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്ത് സി.പി.എമ്മിനുവേണ്ടി രാഷ്ട്രീയക്കൊല നടത്തുന്നവർക്ക് കരുതലും സംരക്ഷയും സുരക്ഷയും ലഭിക്കുന്നു. ഇതെല്ലാം അറിയാത്തവരാണ് തന്റെ പ്രജകൾ എന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്. മുഖ്യമന്ത്രി പിണറായി വിജയനെ മറ്റൊരുകാര്യംകൂടി ഓർമ്മപ്പെടുത്താനുണ്ട്. കയ്യൂർകേസിൽ തൂക്കിലേറ്റിയ നാലുപേരിൽ ഏറ്റവും ഇളയവനായിരുന്നു അബൂബക്കർ. ഇപ്പോൾ കൊല്ലപ്പെട്ട ശുഹൈബിന്റെ പ്രായക്കാരൻ. അബൂബക്കറിന്റെ വൃദ്ധയായ അമ്മയെ കാണാനും സാന്ത്വനിപ്പിക്കാനും കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ജനറൽ സെക്രട്ടറി പി.സി ജോഷി കയ്യൂർ ഗ്രാമത്തിൽ പോയ സംഭവം പിണറായിയും ഓർക്കുന്നുണ്ടാവും. സമാധാനത്തിനും നാടിന്റെ നന്മയ്ക്കുംവേണ്ടി തൂക്കുകയർ ഏറ്റുവാങ്ങുന്ന അബൂബക്കറിന്റെ അമ്മയ്‌ക്കൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നും ഉണ്ടായിരിക്കുമെന്നാണ് പി.സി ജോഷി നിറകണ്ണുകളോടെ ആശ്വസിപ്പിച്ചത്.
ചരിത്രത്തിന്റെ പുതിയ നാൽക്കവലയിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ തുടർച്ചയും പാരമ്പര്യവും അവകാശപ്പെടുന്ന സി.പി.എം മുഖ്യമന്ത്രി കണ്ണീരൊഴുക്കുന്ന ശുഹൈബിന്റെ ഉമ്മയ്ക്കും പിതാവിനുംമുമ്പിൽ സ്വാന്ത്വനവുമായി എത്തിയില്ല. കണ്ണൂരിൽനിന്ന് ഗൾഫിലേക്കു പോകുന്ന ഒരു കുടുംബത്തിലെ കുഞ്ഞ് കരഞ്ഞെന്നു കേട്ട് ഓടിച്ചെന്ന മനസിന്റെ ഉടമയാണ് മുഖ്യമന്ത്രിയെന്ന് കേൾക്കുന്നുണ്ടെങ്കിലും. ശുഹൈബിന്റെ അനുഭവം മറ്റൊരാൾക്കും ഉണ്ടാവാൻ അനുവദിക്കില്ലെന്ന് ഫെയ്‌സ്ബുക്കിലെങ്കിലും കുറിക്കാൻ മുഖ്യമന്ത്രിക്കായില്ല. പാർട്ടി നേതാവും ജനങ്ങളുടെ മുഖ്യമന്ത്രിയും രണ്ടാണെന്ന് ഇനിയും തിരിച്ചറിയാത്ത ഒരു മുഖ്യമന്ത്രിയിൽനിന്ന് അത്തരം നടപടി പ്രതീക്ഷിച്ചിട്ടു കാര്യമില്ല.