കഴിഞ്ഞ ആഴ്ച നാലു ദിവസങ്ങൾക്കുള്ളിൽ മൂന്നു നവജാത ശിശുക്കളും ഒരമ്മയും പോഷകാഹാരക്കുറവു മൂലം മരിച്ചതിനെ തുടർന്നാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. വിഷയത്തിൽ പട്ടികജാതി, വർഗ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനത്തിൽ കേരളം ഒന്നാം സ്ഥാനത്താകാനുള്ള കാരണം ആരാണെന്ന തർക്കം കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു ഈ വാർത്തയും പുറത്തു വന്നത്. പട്ടിണി എന്ന കുറ്റത്തിന് കൊല ചെയ്യപ്പെട്ട മധുവിന്റെ മാതാവ് തങ്ങൾക്ക് നീതി കിട്ടുന്നില്ല എന്നു പറഞ്ഞതും ഇതേ സമയത്തായിരുന്നു.
കേരളത്തിലെ ആദിവാസികളുടെ അവസ്ഥ സോമാലിയക്കു തുല്യമാണെന്നു രാഷ്ട്രീയ താൽപര്യത്തിന്റെ പേരിലായിരിക്കാം ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചത്. എന്നാൽ കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് പരിശോധിച്ചാൽ മോഡി പറഞ്ഞതിൽ സത്യമില്ലെന്നു പറയാനാകില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്ന ചെറിയ ആദിവാസി മേഖലയിൽ പോഷകാഹാരമില്ലാത്തതിനെ തുടർന്ന് വർഷം തോറും മരിക്കുന്ന നവജാത ആദിവാസി ശിശുക്കളുടെ കണക്ക് ഇന്ത്യയിലെവിടെയുമില്ല എന്നതാണ് വസ്തുത. മൂന്ന് പഞ്ചായത്തുകളിൽ ഇരുന്നൂറോളും ഊരുകളിലായി 33,000 ത്തോളം വരുന്ന ജനസംഖ്യയുള്ള സമൂഹമാണ് അട്ടപ്പാടിയിലെ ആദിവാസികൾ. ഐക്യകേരളം രൂപപ്പെട്ടതിനു ശേഷം ഇവർക്കായി ചെലവാക്കി എന്നു പറയുന്ന പണം വീതിച്ചു കൊടുത്താൽ ഇവരോരുത്തരും കോടീശ്വരന്മാരാകുമായിരുന്നു എന്നതാണ് വസ്തുത.
കഴിഞ്ഞ ആഴ്ച നാലു ദിവസങ്ങൾക്കുള്ളിൽ മൂന്നു നവജാത ശിശുക്കളും ഒരമ്മയും പോഷകാഹാരക്കുറവു മൂലം മരിച്ചതിനെ തുടർന്നാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. വിഷയത്തിൽ പട്ടികജാതി, വർഗ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. ദാരിദ്ര്യനിർമാർജനത്തിൽ കേരളം ഒന്നാം സ്ഥാനത്താകാനുള്ള കാരണം ആരാണെന്ന തർക്കം കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു ഈ വാർത്തയും പുറത്തുവന്നത്. പട്ടിണി എന്ന കുറ്റത്തിന് കൊല ചെയ്യപ്പെട്ട മധുവിന്റെ മാതാവ് തങ്ങൾക്ക് നീതി കിട്ടുന്നില്ല എന്നു പറഞ്ഞതും ഇതേ സമയത്തായിരുന്നു. കഴിഞ്ഞില്ല, ഞെട്ടിക്കുന്ന മറ്റു പല വാർത്തകളും ഇതോടൊപ്പം പുറത്തുവന്നു. അതിലൊന്ന് ഏതാനും വർഷം മുമ്പ് ഏറെ മികച്ചതെന്നു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കോട്ടത്തറയിലെ ട്രൈബൽ ആശുപത്രിയുടെ ദയനീയ അവസ്ഥയെ കുറിച്ചായിരുന്നു. ഈ ആശുപത്രിയുടെ വികസനത്തിനായി ചെലവാക്കേണ്ടിയിരുന്ന കോടികളുടെ ഫണ്ട് പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിക്കു നൽകുകയാണ് വർഷങ്ങളായി സർക്കാർ ചെയ്യുന്നത്. അവിടേക്ക് രോഗികളെ റഫർ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ആ പണമുപയോഗിച്ച് ഈ ആശുപത്രിയിൽ വികസനം കൊണ്ടുവന്നിരുന്നെങ്കിൽ അവസ്ഥ എത്രയോ മെച്ചപ്പെടുമായിരുന്നു. ആദിവാസികൾക്ക് എന്തിന് ആശുപത്രി എന്നായിരിക്കാം അധികാരികൾ ചിന്തിക്കുന്നത്. അങ്ങനെ ഫലത്തിൽ നടക്കുന്നത് ആദിവാസികളുടെ വംശീയ ഹത്യയാണെന്നതാണ് യാഥാർത്ഥ്യം.
അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ച് ആദ്യകാല കണക്കുകൾ ഒന്നും ലഭ്യമല്ല. എന്നാൽ ഏതാനും ദശകങ്ങളായുള്ള ഏകദേശ കണക്കുകൾ ലഭ്യമാണ്. ആദിവാസി ശിശുമരണ നിരക്കിലെ വർധന കണ്ട് ഐക്യരാഷ്ട്ര സംഘടനയും സന്നദ്ധ സംഘടനകളും അട്ടപ്പാടിയിലേക്ക് പഠന സംഘങ്ങളെ അയച്ചിട്ടുണ്ട്. ഷോളയൂർ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂർ പഞ്ചായത്തിലെ പാടവയൽ, മുള്ളി, പാലൂർ എന്നീ ഊരുകളിലെ ജീവിതം അതീവ ഗുരുതരമാണെന്ന് പല പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടി. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പലപ്പോഴും വിഷയത്തിലിടപെട്ടു. കേന്ദ്ര മന്ത്രിമാരും പലതവണ സ്ഥലത്തെത്തി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 50 ശതമാനത്തിലധികം പേർക്കു രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തിയിരുന്നു. പലരുടെയും ഹിമോഗ്‌ളോബിന്റെ അളവ് ഏഴിൽ താഴെയാണ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയായ പുരുഷന്മാരിൽ 10 ശതമാനത്തിന് രക്തക്കുറവുണ്ടായിരുന്നു. ത്വക്‌രോഗങ്ങൾ, വന്ധ്യത, അരിവാൾ രോഗം എന്നിവയും ഊരുകളിൽ വ്യാപകമാണ്.
2001 ൽ 50 ൽപരം കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. 2004 മുതൽ 2008 വരെ മേഖലയിൽ 84 ഉം 2008 മുതൽ 2011 വരെ 56 ഉം ശിശുമരണങ്ങൾ നടന്നതായി രേഖകളുണ്ട്. ഗർഭിണികളുടെ പോഷകാഹാരക്കുറവ്, ഗർഭ ശൂശ്രൂഷകളുടെ അഭാവം, അമ്മമാരുടെ തുടർച്ചയായുള്ള പ്രസവം, ജനന വൈകല്യങ്ങൾ, അണുബാധ, പ്രതിരോധ ശേഷിയില്ലായ്മ എന്നിവയൊക്കെയാണ് ഇതിനു പ്രധാന കാരണങ്ങൾ. പോഷകാഹാര കുറവിനോടൊപ്പം ഉയർന്ന രക്തസമ്മർദവും ജനിതക കാരണങ്ങളും മരണ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ശിശുമരണ വിഷയത്തിൽ 2001 ൽ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നീട് പ്രക്ഷോഭം ശക്തമായത് ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്തായിരുന്നു. ആദിവാസിയായ പി.കെ. ജയലക്ഷ്മിയും അന്ന് മന്ത്രിയായിരുന്നു. ഗോത്ര മഹാസഭ ശക്തമായ രീതിയിൽ സമരം ആരംഭിച്ചതിനെ തുടർന്ന് പ്രതിപക്ഷമായിരുന്ന എൽഡിഎഫും രംഗത്തിറങ്ങി. കേരളത്തിലെ ആദിവാസി മേഖലകൾ പട്ടികവർഗ മേഖലകളായി പ്രഖ്യാപിക്കണമെന്ന ഗോത്ര മഹാസഭയുടെ അടിസ്ഥാന ആവശ്യത്തോട് യോജിക്കാതെയായിരുന്നു എൽഡിഎഫിന്റെ സമരം. ശിശുമരണങ്ങൾ തടയുന്നതിലുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് എം.ബി. രാജേഷ് എം.പി അഗളിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സിപിഐ നേതാവും ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ഈശ്വരി രേശനും അനിശ്ചിതകാല നിരാഹാരം തുടങ്ങി. യുഡിഎഫിനു മാത്രമല്ല എൽഡിഎഫിനും ഇക്കാര്യത്തിൽ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഗോത്ര മഹാസഭയുടെ സമരം. എന്തായാലും സമരം അഖിലേന്ത്യാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
കുറച്ചുകാലം മുമ്പു വരെ സ്വന്തമായി ഭൂമിയും സംസ്‌കാരവും കൃഷിയും ഭാഷയുമാക്കെയുണ്ടായിരുന്ന, സ്വന്തം കാലിൽ നിന്നിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കാൻ ഈ ശിശുമരണങ്ങൾ മാത്രം മതി. 1951 ൽ 90.26% ആദിവാസികളായിരുന്ന അട്ടപ്പാടിയിൽ 2001 ആകുമ്പോഴേക്കും 42% മാത്രമായി കുറഞ്ഞതും ഇതുമായി ചേർത്തുവായിക്കണം. പരമ്പരാഗത ആഹാരമായിരുന്ന രാഗി, ചാമ തുടങ്ങിയവക്കെല്ലാം പകരം റേഷനരി ഭക്ഷിക്കാൻ തുടങ്ങിയതാണ് അവരുടെ ആരോഗ്യത്തിനു ഭീഷണിയായതെന്ന് പല വിദഗ്ധരും പറയുന്നു. അട്ടപ്പാടി കോ-ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജലസേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹിൽസ് ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റി (അഹാഡ്‌സ്) തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടപ്പാക്കി. കോടികൾ ധൂർത്തടിച്ചു. എന്നിട്ടും ഇന്നത്തെ അവസ്ഥ ഇതാണ്.
പുതിയ സംഭവ വികാസങ്ങളെ തുടർന്ന് മന്ത്രി കെ രാധാകൃഷ്ണൻ സ്ഥലത്തെത്തുകയും പല പ്രഖ്യാപനങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു കാലത്ത് കൊട്ടിഘോഷിച്ചു നടപ്പാക്കിയ സമൂഹ അടുക്കളയല്ല, സ്വാശ്രയത്വമാണ് ആദിവാസികൾക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനായി രൂപരേഖ തയാറാക്കുമെന്നും നോഡൽ ഓഫീസറെ നിയമിക്കുമെന്നും മൂന്നു മാസം കൂടുമ്പോൾ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലത്തെ വീഴ്ചകളും അഴിമതിയുമെല്ലാം വ്യക്തമായ സാഹചര്യത്തിൽ അതാവർത്തിക്കാതെ മുന്നോട്ടു പോകാൻ കഴിഞ്ഞാൽ നന്ന്.