ആദ്യ ബാച്ച് നഴ്‌സുമാരെ അടുത്തവര്‍ഷം ജര്‍മനിയില്‍ എത്തിക്കാനാകുമെന്നു കോണ്‍സില്‍ ജനറല്‍
തിരുവനന്തപുരം- കേരളത്തില്‍നിന്നു ജര്‍മനിയിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച ട്രിപ്പിള്‍ വിന്‍ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിക്കുവേണ്ടി കോണ്‍സില്‍ ജനറല്‍ അച്ചിം ബുര്‍ക്കാട്ടും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
രാജ്യത്ത് ആദ്യമായാണു സര്‍ക്കാര്‍തലത്തില്‍ ജര്‍മനിയിലേക്കു റിക്രൂട്ട്‌മെന്റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നഴ്‌സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയില്‍ വലിയ സാധ്യതകള്‍ തുറക്കുന്നതാകും ട്രിപ്പിള്‍ വിന്‍ പദ്ധതി. ജര്‍മനിക്കൊപ്പം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജര്‍മനിയിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഭാഷാ പ്രാവീണ്യത്തിനു കേരളത്തില്‍ത്തന്നെ സൗജന്യമായി സൗകര്യം ഒരുക്കുന്നതും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണു നഴ്‌സായി ജോലി ചെയ്യാന്‍ വേണ്ടത്. നോര്‍ക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കു ബി1 യോഗ്യത നേടി ജര്‍മനിയില്‍ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോണ്‍സില്‍ ജനറല്‍ അച്ചിം ബുര്‍ക്കാട്ട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2022 ഓടെ ആദ്യ ബാച്ച് നഴ്‌സുമാര്‍ക്കു ജര്‍മനിയിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ. സാങ്കേതിക വൈദഗ്ധ്യത്തിലും മാനവവിഭവ ശേഷിയിലും ഇന്ത്യയിലെ ആരോഗ്യമേഖല ഏറെ മുന്‍പന്തിയിലാണ്. ഇതില്‍ത്തന്നെ മികവും അര്‍പ്പണബോധവും പുലര്‍ത്തുന്നവരാണു കേരളത്തിലെ നഴ്‌സുമാര്‍. ഇവര്‍ക്കു ജര്‍മനിയില്‍ വിപുലമായ സാധ്യതകളാണുള്ളത്. കഴിയുന്നത്ര നഴ്‌സുമാരെ ജര്‍മനിയിലേക്കു റിക്രൂട്ട്‌ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനു പുറമേ ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്റ് ലേബര്‍ അഫേയഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി, ജര്‍മന്‍ ഹോണററി കോണ്‍സല്‍ സയ്ദ് ഇബ്രാഹിം, ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി(വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുത്തു.