തിരുവനന്തപുരം- കോഴിക്കോട് നഗരമധ്യത്തില്‍ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വീഡിയോ കോളില്‍ വിളിച്ചാണ് മന്ത്രി പെണ്‍കുട്ടിയെ അഭിനന്ദനം അറിയിച്ചത്.
ലക്ഷ്മി പെണ്‍കരുത്തിന്റെ മാതൃകയാണെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല, ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടെന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു. മറ്റേതൊരു കായിക ഇനവും പോലെ തന്നെ പെണ്‍കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് റഹ്മാനിയ സ്‌കൂളില്‍ പഠിക്കുന്ന ലക്ഷ്മിയെ പാളയം സ്വദേശിയും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനുമായ ബിജു എന്നയാള്‍ റോഡില്‍ വെച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ ഇയാള്‍ മറ്റൊരു വിദ്യാര്‍ഥിനിയെയും ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ലക്ഷ്മി പുറകേ ഓടിയെത്തി ഷര്‍ട്ടില്‍ പിടിച്ച് കീഴ്‌പ്പെടുത്തി. കരാട്ടെ അറിയാവുന്ന ലക്ഷ്മി ഇയാളുടെ കൈയും കഴുത്തും ചേര്‍ത്ത് പിടിച്ചുവെച്ചു. തുടര്‍ന്ന് നാട്ടുകാരും ഓടിയെത്തി ഇയാളെ പിടികൂടി തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ലക്ഷ്മി സജിത്ത് പെണ്‍കരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്‌പ്പെടുത്താന്‍ ലക്ഷ്മിയെ സഹായിച്ചത് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു.
കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളില്‍ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാര്‍വ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിന്‍സിപ്പല്‍ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോള്‍ റഹ്മാനിയ സ്‌കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു.
മറ്റേതൊരു കായികയിനവുമെന്നതുപോലെ പെണ്‍കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാര്‍ഷ്യല്‍ ആര്‍ട്‌സിലൂടെ കൈവരിക്കാനാകും. ലക്ഷ്മിക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.