Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി അറിയാതെ ഈച്ച പോലും പറക്കില്ല, പെരിയ ഇരട്ടക്കൊല സി.പി.എം നേതൃത്വത്തിന്റെ അറിവോടെയന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം- പെരിയ ഇരട്ടക്കൊല കേസ് സി.പി.എം നേതൃത്വം അറിഞ്ഞു കൊണ്ടുതന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന സി.പി.ഐ.എമ്മിന്റെ സ്ഥിരം കെട്ടുകഥ പൊളിഞ്ഞെന്നും കേസില്‍ ആദ്യവസാനം സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ കൊലപാതകം നടത്തുന്നതിനേക്കാള്‍ ക്രൂരമായി കൊല നടത്തുന്നവരാണ് സി.പി.എം. ഇരയെ കണ്ടെത്തുക, ഇരയെ കൊല്ലാനുള്ള സംഘത്തെ കണ്ടെത്തുക, അവര്‍ക്ക് ആയുധങ്ങള്‍ കൊടുക്കുക, വാഹനങ്ങള്‍ കൊടുക്കുക, വേറെ പ്രതികളെ ഹാജരാക്കുക, സര്‍ക്കാരും കൂടിയുള്ളപ്പോള്‍ കേസിനെ ദുര്‍ബലപ്പെടുത്തുക, പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കുക, ഇങ്ങനെ കൊലപാതകം നടത്തുന്ന സംഘടന ലോകത്തെങ്ങുമില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

പെരിയയില്‍ 19, 20 വയസ്സുള്ള ചെറിയ കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്. വല്ലവന്റേയും മക്കളുടെ തല വെട്ടിയും നെഞ്ച് വെട്ടിപ്പിളര്‍ന്നും വീര്‍ത്തവരാണ് സി.പി.എമ്മെന്ന് ഒന്നു കൂടി വ്യക്തമായി. കോണ്‍ഗ്രസിന്റെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. പാര്‍ട്ടി അറിയാതെ ഒരീച്ച പോലും പറക്കില്ല. എത്ര കോടി രൂപയാണ് കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത്. സിബിഐ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരുമെന്നതിനാലാണ് അതിനെ എതിര്‍ത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News