കണ്ണൂര്‍- ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തതലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍. ഗുജറാത്തല്ല ഇത് തലശ്ശേരിയാണെന്ന് അദ്ദേഹം ബി.ജെ.പിക്കാരെ ഓര്‍മ്മിപ്പിച്ചു. ആയുധങ്ങളുമായി നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ വന്നവരെ ജീവന്‍ കൊടുത്തും പ്രതിരോധിക്കാന്‍ സന്നദ്ധമായ നാടാണ് തലശ്ശേരിയെന്നും ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മതനിരപേക്ഷതയുടെ ഈറ്റില്ലമായ ഈ മണ്ണില്‍ വര്‍ഗീയതയുടെ വിത്തുപാകി ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം എന്നാണ് ലക്ഷ്യമെങ്കില്‍ അതിനെയെല്ലാം പ്രതിരോധിക്കാന്‍ ഈ നാട് സന്നദ്ധമാണ്. ജീവന്‍ നല്‍കിയും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ അറിയാമെന്ന് തെളിയിച്ച നാടാണ് തലശേരി- ഷംസീര്‍ വ്യക്തമാക്കി.
കെ.ടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് ബിജെപി പ്രവര്‍കത്തകരുടെ പരസ്യമായ വിദ്വേഷ മുദ്രാവാക്യമുയര്‍ന്നത്. അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടപ്പാവില്ലെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുന്‍ പരാതി നല്‍കിയിരുന്നു. നാടിന്റെ മതമൈത്രി തകര്‍ക്കാന്‍ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 25 ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തത്.