Sorry, you need to enable JavaScript to visit this website.

ലീഗ് സമസ്തയുടെ നിലപാടിനൊപ്പം; പള്ളികളില്‍ നടക്കുക ബോധവല്‍ക്കരണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം- പള്ളികളില്‍ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാടെന്നും വഖഫ് നിയമങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ പള്ളികളില്‍ ബോധവല്‍ക്കരണം ഉണ്ടാകുമെന്നും മുസ് ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അടുത്ത വെള്ളിയാഴ്ച മഹല്ല് തലത്തില്‍ ബോധവത്കരണം നടത്തും.

വിശ്വാസികള്‍ കാര്യം പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല. അത് വിഭാഗീയത ഉണ്ടാക്കും. വിശ്വാസികള്‍ ഭരണാധികാരികളെ ഭയപ്പെടരുത്. ബോധവത്കരണം നടത്തണമെന്നത് മുസ് ലിം സംഘടനകളുടെ കൂട്ടായ തീരുമാനമാണ്. ഈ തീരുമാനത്തിന് പിന്നാലെ വിഷയത്തെ ചിലര്‍ രാഷ്ട്രീയവല്‍കരിച്ചു. നിലവിലെ വിവാദം ചിലര്‍ ഉണ്ടാക്കിയതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

പള്ളികളില്‍ രാഷ്ട്രീയം പറയേണ്ടെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്. ബോധവല്‍ക്കരണം നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല. ആ നിലപാടിനെ മുസ് ലിം ലീഗ് മാനിക്കുന്നു. ലീഗ് സമസ്തയുടെ നിലപാടിനൊപ്പമാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
മഹല്ല്, പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്താമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചാല്‍ പോകാവുന്നതാണ്. വിശ്വാസപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതാത് മതവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണം. പള്ളികളിലെ ബോധവല്‍ക്കരണത്തില്‍ വിശ്വാസികള്‍ മാത്രമല്ല സര്‍ക്കാരും ഉള്‍പ്പെടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതടക്കം സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ നടത്താന്‍ മുസ്‌ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്‌ലിം നേതൃസമിതി കോര്‍കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ഹൈക്കോടതി, സുപ്രീംകോടതി അടക്കമുള്ളവയെ സമീപിക്കാനും യോഗം തീരുമാനിച്ചിരുന്നു. വഖഫിന്റേത് കേന്ദ്ര നിയമമായതിനാല്‍ സംസ്ഥാനത്തിന് ഇടപെടാനധികാരമില്ലെന്ന് കാണിച്ചാണ് നിയമനടപടികള്‍ ആരംഭിക്കുക. അഡ്വ. വി.കെ. ബീരാന്റെ നേതൃത്വത്തില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമ തീരുമാനമെടുക്കുക.

ഡിസംബര്‍ ആറിന് തിങ്കളാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളില്‍ മുസ്‌ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും. റാലിയില്‍ പ്രദേശത്തെ സമുദായ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും.

കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്‌ലിം നേതൃസമിതിയുടെ നേതൃത്വത്തില്‍ ബഹുജന സമ്മേളനങ്ങളും നടത്തും. സംഘ്പരിവാറിനേക്കാള്‍ വലിയ ന്യൂനപക്ഷ, ദളിത് വിരുദ്ധ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോര്‍ കമ്മിറ്റി യോഗം ആരോപിച്ചിരുന്നു.

 

Latest News