അബഹ- 'അവധി കഴിഞ്ഞ് അബഹയിലേക്ക് തിരിച്ചു പോരുമ്പോൾ യാത്രയാക്കാൻ വിമാനതാവളത്തിലേക്ക് അവനും വരാനിരുന്നതാണ്. പക്ഷെ അന്നും ഏതോ പരിപാടിയുടെ തിരക്കിൽ പെട്ടു. എപ്പോഴും കൂട്ടുകാരുടെയും നാട്ടുകാരുടെയും ഇടയിൽ ആയിരുന്നു അവൻ. അവരുടെ പ്രശ്‌നങ്ങൾ എല്ലാം അവന്റേത് കൂ ടിയായിരുന്നു'.
കഴിഞ്ഞ ദിവസം കണ്ണൂർ എടയന്നൂരിൽ അക്രമികളുടെ വെട്ടേറ്റു മരിച്ച ശുഹൈബിന്റെ കൂട്ടുകാരൻ സമീർ സങ്കടക്കടൽ ബാക്കിയാക്കി വിട പറഞ്ഞ ചങ്ങാതിയുടെ ഓർമ്മയിൽ ഒരു നിമിഷം മൗനിയായി. ഖമീസ് മുഷയ്ത്തിൽ വാൻ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന സമീർ എന്ന അപ്പാച്ചിക്ക് നഷ്ടമായത് സ്വന്തം നാട്ടുകാരനെയും ആത്മാർത്ഥ സുഹൃത്തിനെയുമാണ്.
സമീർ അബഹയിൽ നിന്ന് അവധിയിൽ എത്തിയതിന്റെ നാലാം ദിവസം ശുഹൈബും അജ്മാനിൽ നിന്നും നാട്ടിലെത്തിയിരുന്നു. 'അജ്മാനിൽ ഡീസൽ യാർഡിൽ ജോലി ചെയ്തിരുന്ന ശുഹൈബ് ഡീസൽ വിതരണവുമായി ബന്ധപ്പെട്ട ചില ബിസിനസ് പരിപാടികൾക്കുള്ള മുന്നൊരുക്കത്തിന് വേണ്ടിയാണ് നാട്ടിൽ വന്നത്. എന്നാൽ കാര്യങ്ങൾ അനിശ്ചിതമായി വൈകിയപ്പോൾ തൽക്കാലം നാട്ടിൽ തന്നെ എന്തെങ്കിലും ചെയ്യാമെന്ന് കരുതി. ഒരു കട നോക്കുന്നതിനായി ഞങ്ങൾ ഒരുമിച്ചാണ് ബംഗളൂരുവിൽ പോയത്'. സമീർ പറഞ്ഞു.
മൂന്ന് സഹോദരിമാരുടെ വിവാഹം, വീടുപണി, തുടങ്ങിയവയുടെ ബാധ്യതകൾ സാമ്പത്തികമായി പ്രയാസപ്പെടുത്തിയിരുന്നു. അപ്പോഴും
കോൺഗ്രസിന്റെയും എസ്.എസ്.എഫിന്റെയും മുൻനിര പ്രവർത്തകൻ എന്ന നിലയിൽ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതു കാര്യങ്ങളിലും സഹായിക്കാൻ സദാ മുന്നിലുണ്ടായിരുന്നു. എല്ലാ പാർട്ടിക്കാരുമായും നല്ല സുഹൃദ് ബന്ധം കാത്തുസൂക്ഷിച്ചിരുന്ന സമീറിനെ എങ്ങനെയാണ് ഈ രീതിയിൽ അവസാനിപ്പിക്കാൻ അവർക്ക് കഴിഞ്ഞത് എന്ന് മനസ്സിലാവുന്നില്ല.. അതും രാഷ്ട്രീയ തർക്കങ്ങൾ ഏറ്റവും കൂടിയാൽ ചില്ലറ അടിപിടികളും വാക്കേറ്റവും വരെ മാത്രം എത്താറുള്ള ഞങ്ങളുടെ എടയന്നൂർ പോലെ ഒരു പ്രദേശത്ത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഫോണിൽ സംസാരിക്കുമ്പോൾ തന്നെ അപായപ്പെടുത്താൻ എതിരാളികൾ ജില്ലാ തലത്തിൽ തന്നെ ചില നീക്കങ്ങൾ തുടങ്ങിയതായി ശുഹൈബ് സൂചിപ്പിച്ചിരുന്നു. ശ്രദ്ധ വേണമെന്ന് എല്ലാവരും പറഞ്ഞതാണ്. പക്ഷെ ഏറ്റവും ഹീനമായ രീതിയിൽ അവർ അത് നടപ്പിലാക്കി. ഞങ്ങളുടെ നാട്ടിലും രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ ആദ്യമായി ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു. രാഷ്ട്രീയസാമൂഹ്യ രംഗത്തും മത ധാർമ്മിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കെ സ്ഥിരോത്സാഹിയായ ഒരു ചെറുപ്പക്കാരനെ നാടിന് നഷ്ടമായിരിക്കുന്നു. കുറ്റവാളികളെ ഉടൻ കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കാൻ അധികൃതർ തയ്യാറാവണം. അതോടൊപ്പം സി.പി.എം അവരുടെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. കണ്ണൂരിൽ സമാധാനം പുലരാൻ ആഗ്രഹിക്കുന്നവർക്ക് അത് മാത്രമേ പറയാനുള്ളൂ. സമീർ ആവശ്യപ്പെട്ടു.