Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി ഏകാധിപതിയെന്ന് നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം

തൊടുപുഴ- എം.എം.മണിയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിന് സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. പ്രായമാണ് പരിഗണിച്ചതെങ്കില്‍ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും ചോദ്യം ചെയ്യാന്‍ സംസ്ഥാനത്ത് എംഎല്‍എമാരും മന്ത്രിമാരുമില്ലെന്നും കുറ്റപ്പെടുത്തി.
എം.എം.മണി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൊണ്ടല്ല; പ്രവര്‍ത്തനമികവിലൂടെ ജനഹൃദയങ്ങളില്‍ ആധിപത്യം ഉറപ്പിച്ചതുകൊണ്ടാണ്. ആ നിലയ്ക്ക് എം.എം.മണിയെ മന്ത്രിസ്ഥാനത്ത് പരിഗണിക്കണമായിരുന്നു.
കെ.കെ.ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്നും സമ്മേളനത്തില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ ചോദിച്ചു എന്നാണറിയുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരാജയമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. പ്രായം പരിഗണിക്കുമ്പോള്‍ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതല്‍ അതു വേണം. പലരും കടിച്ചുതൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളില്‍ ചിലര്‍ കുറ്റപ്പെടുത്തി. ഏരിയ കമ്മിറ്റി അംഗങ്ങളല്ല ലോക്കല്‍ സെക്രട്ടറിമാരായ ക്ഷണിതാക്കളാണ് വിമര്‍ശനമുയര്‍ത്തി രംഗത്തു വന്നത്.
 

Latest News