Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസികളെ നിരാശരാക്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ജിദ്ദ- ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യ വാതില്‍ തുറന്നപ്പോള്‍ ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ആകാശവാതിലുകളടച്ചത് സൗദി പ്രവാസികളെ വീണ്ടും നിരാശയിലാക്കി.

ഡിസംബര്‍ 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ സാധാരണനിലയിലാക്കാനുള്ള തീരുമാനം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനച്ചതാണ് പ്രവാസികള്‍ക്ക് വലിയ നിരാശ സമ്മാനിച്ചത്.  

കോവിഡിന്റെ പുതിയ വകഭേദങ്ങളെ തുടര്‍ന്നുള്ള  ആഗോള സാഹചര്യം കണക്കിലെടുത്താണ് ഉചിതമായ തീരുമാനമെടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.  അന്താരാഷ്ട്ര യാത്ര വിമാനങ്ങളുടെ റെഗുലര്‍ സര്‍വീസുകള്‍  പുനരാരംഭിക്കുന്ന പുതിയ തീയതി യഥാസമയം അറിയിക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

നിലവില്‍ എയര്‍ ബബിള്‍ കരാറുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സൗദി- ഇന്ത്യ എയര്‍ ബബിള്‍ കരാറില്ലാത്ത പശ്ചാത്തലത്തിലാണ് ഡിസംബര്‍ 15 ന് വിമാന സര്‍വീസുകള്‍ സാധാരണനിലയിലാക്കുമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് വലിയ ആശ്വാസ വാര്‍ത്തയായിരുന്നത്.
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക്  നേരിട്ടുവരാമെന്ന സൗദിയുടെ പ്രഖ്യാപനമാണ് ആദ്യം വന്നിരുന്നത്. ഇതിനു പിന്നലെ ഇന്ത്യയിലും വിമാന വിലക്ക് നീക്കുന്നവെന്ന പ്രഖ്യാപനമുണ്ടായത് പ്രവാസികളെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

നിലവില്‍ വന്ദേഭാരത് സര്‍വീസുകളും ചാര്‍ട്ടര്‍ വിമാനങ്ങളും മാത്രമാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ളത്.
21 മാസത്തെ നിരോധനത്തിന് ശേഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര യാത്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചിരുന്നത്.  
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ ഇനിയമുണ്ടാകുമോ എന്ന ഭീതിയില്‍ സൗദി പ്രവാസികളില്‍ പലരും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുകയാണെന്നും ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

 

Latest News