അങ്കമാലി- ബാഗ്ലൂർ നിന്നും കൊച്ചിയിലേയ്ക്ക് അന്തർസംസ്ഥാന സർവീസ് നടത്തുന്ന സോണ ട്രാവൽസ് ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടു വന്ന 50 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ സുധീർ (24) നെയാണ് എറണാകുളം റൂറൽ ഡിസ്ടിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും , അങ്കമാലി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത് ചൊവ്വാഴ്ച രാവിലെ ആറരയോടെ അങ്കമാലി കെ.എസ്. ആർ.ടി സി ബസ് സ്റ്റാൻറിന് മുൻവശത്ത് വെച്ചാണ് ടൂറിസ്റ്റ് ബസിൽ പരിശോധന നടത്തി എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഹെൽമറ്റ് തോൾ ബാഗിൽ പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഇയാൾ ഡിഗ്രി മുതൽ പഠിച്ചത് ബാംഗ്ലൂരിലാണ്. സി.ജെ എന്ന് വിളിക്കുന്ന സുഡാൻ വംശജൻ ബൈക്കിൽ ഹെന്നൂർ എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്ന് ഇയാൾ പറഞ്ഞു. പിടികൂടിയ എം.ഡി.എം.എയ്ക്ക് ലക്ഷങ്ങൾ വിലവരും. കഴിഞ്ഞ മാസം ബാംഗ്ലൂരിൽ നിന്ന് കടത്തിയ 168 ഗ്രാം എം.ഡി.എം.എ ദേശിയ പാതയിൽ നെടുമ്പാശേരി കരിയാട് ജംഗ്ഷനിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. അതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഡിവൈ.എസ്.പിമാരായ പി.കെ ശിവൻ കുട്ടി, സക്കറിയ മാത്യു, എസ്.എച്ച്. ഒ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐ റെജിമോൻ , സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്നും, കൂടുതൽ ആളുകളുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. അങ്കമാലി മേഖലയിൽ പോലീസ് നടത്തുന്ന മയക്കുമരുന്ന് വേട്ടയിൽ എക്‌സെസ് വകുപ്പ് സഹകരിക്കുന്നില്ലന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട് .മയക്കുമരുന്ന് പോലീസ് പിടികൂടുമ്പോൾ സാധനം തൂക്കുവാൻ ഉൾപടെയുള്ള കാര്യങ്ങൾക്ക് പോലീസിന് സൗകര്യം ഇല്ല. ഇത്തരം സൗകര്യങ്ങൾക്കായി എക്‌സെസിനെ പോലീസ് വിളിച്ചാൽ പല കാരണങ്ങൾ പറഞ്ഞ് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്