തൃശൂര്‍- കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളെ കൂടാതെ അധ്യാപകര്‍ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടായതായി പഠനം. സര്‍വ്വേയില്‍ പങ്കെടുത്ത 2.2 അധ്യാപകരും ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത് (നിംഹാന്‍സ്). നിംഹാന്‍സിലെ ആറു പേര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ 2021 മെയ്, ജൂണ്‍ മാസങ്ങളിലാണ് സര്‍വ്വേ നടത്തിയത്. 14 ജില്ലകളില്‍ നിന്നായി 321 അധ്യാപകരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ക്ലാസ് മുറിയില്‍ നിന്നും ഓണ്‍ലൈന്‍ അധ്യാപനത്തിലേക്കുള്ള മാറ്റം, ജോലിയും വീട്ടു ജോലിയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്, ജോലിയിലെ ആത്മസംതൃപ്തി, ആത്മഹത്യാ പ്രവണത തുടങ്ങിയവയാണ് പഠനത്തിന് വിധേയമാക്കിയത്.
സ്വകാര്യസര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇതില്‍ 76 ശതമാനം പേര്‍ക്ക് നല്ല തോതില്‍ സമ്മര്‍ദ്ദമുണ്ട് എന്നാണ് കണ്ടെത്തല്‍. 2.2 ശതമാനം പേര്‍ക്കാണ് താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദമുള്ളത്. 10 ശതമാനം പേര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. 2.2 ശതമാനം പേരാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും മരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തത്. 0.6 ശതമാനം പേര്‍ മരിക്കാനാഗ്രഹിക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കൂടാതെ വിവരം അറിയിച്ച ശേഷം 2.5 ശതമാനം അധ്യാപകര്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 85.7 പേരും സ്ത്രീകളാണ്.
അധ്യാപകരില്‍ മാനസികാരോഗ്യ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനങ്ങളും പദ്ധതികളും നടപ്പാക്കണമെന്നാണ് നിംഹാന്‍സ് നിര്‍ദ്ദേശിക്കുന്നത്. നിംഹാന്‍സിലെ സെന്റര്‍ ഫോര്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫെലോഷിപ്പ് വിദ്യാര്‍ത്ഥികളായ സോനു പി രാജു, അനില്‍ ദൊഡ്ഡമണി, കെവൈ ഷഫീഖ്, ഗവേഷണ വിദ്യാര്‍ത്ഥി കെ എ തന്‍സ, അസി പ്രൊഫസര്‍ ഡോ സഞ്ജീവ് കുമാര്‍ മണികപ്പ, സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് ഡോ ശേഖര്‍ കാശി എന്നിവരാണ് പഠനം നടത്തിയത്.