Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സൗജ്യന്യ കോവിഡ് ചികിത്സ നല്‍കില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമാ യി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം. അധ്യാപകര്‍ക്കും ഇത് ബാധകമാണ്.
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും  രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പര്‍ക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാരോടും ആവശ്യപ്പെട്ടു.
ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ പ്രവര്‍ത്തി സമയത്തില്‍ തല്‍ ക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും അറിയിച്ചു.  
വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്‌സിന്‍ എടുക്കണമെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗരേഖയെന്നും മന്ത്രി പറഞ്ഞു. മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

 

Latest News