മസക്കത്ത്- ഒമാനില്‍ ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന 62 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തടവു ശിക്ഷ അനുഭവിച്ചു വരുന്നവരും കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ചു മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നാട്ടിലേക്ക് തിരികെ അയക്കാനുള്ള നടപടികള്‍ നടന്നു വരുന്നതായി ദി ലീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനമാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയതെന്ന് ഒമാനിലെ സാമൂഹിക പ്രവര്‍ത്തകരേയും മോചിതരായ ചിലരേയും ഉദ്ധരിച്ച് ദി ലീഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
62 പേരില്‍ കൊലപാതകക്കേസില്‍ 21 വര്‍ഷം ജയിലില്‍ കിടന്ന മലയാളികളായ ഷാജഹാനും സന്തോഷ് കുമാറും ഉള്‍പ്പെടും. രണ്ട് ഒമാനി സെക്യൂരിറ്റി ഗാര്‍ഡുകളെ 1997ല്‍ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. ഇവരെ കൊലപ്പെടുത്തിയ പാക്കിസ്ഥാനി സംഘത്തിന് ആയുധം വാങ്ങാന്‍ സഹായിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. 15 വര്‍ഷം ജയിലില്‍ കിടന്ന നവാസ്, 10 വര്‍ഷ തടവ് അനുഭവിച്ച മനാഫ്, 18 വര്‍ഷമായി ജയിലിലായിരുന്നു ഭരതന്‍ പിള്ള എന്നിവരാണ് മറ്റു മലയാളികള്‍.
പ്രധാനമന്ത്രി മോഡിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഒമാന്‍ ഭരണാധികാരി ഇവരുടെ മോചനത്തിന് ഉത്തരവിട്ടതെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. ഇവരുടെ മോചനം സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.