തിരുവനന്തപുരം-കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നു. രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് പരാതി നല്‍കും. ചിലര്‍ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്കാണ് നീങ്ങുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനിരിക്കെയാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാന്‍ഡിന് മുന്നിലേക്ക് പോകുന്നത്. ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. യു.ഡി.എഫ് യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നത് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.