സന്‍ആ- ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ രഹസ്യ കേന്ദ്രം ഉള്‍പ്പെടെ യെമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂത്തി സൈനിക ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി യെമനിലെ അറബ് സഖ്യസേന അറിയിച്ചു.
ആക്രമണ സാധ്യതയുള്ള കേന്ദ്രങ്ങള്‍ക്ക് ചുറ്റുംകൂടുകയോ സമീപിക്കുകയോ ചെയ്യരുതെന്ന് സഖ്യസേന സിവിലിയന്മാരോട് ആവശ്യപ്പെട്ടു.
സന്‍ആ എയര്‍പോര്‍ട്ടില്‍ മൂന്നും സമീപത്തെ ഒരു പാര്‍ക്കില്‍ നാലാമത്തേയും വ്യോമാക്രമണം നടന്നതായിഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ അല്‍ മസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.ജനസാന്ദ്രതയുള്ള തലസ്ഥാന നഗരമായ സന്‍ആ കേന്ദ്രമാക്കിയാണ് ഹൂത്തികള്‍ സൈനിക ആക്രമണങ്ങള്‍ നടത്തുന്നത്. ഇത് തടയുന്നതിനായി സഖ്യസേന ഈ മാസം പലതവണ ആക്രമണങ്ങള്‍ നടത്തി.
നിയമാനുസൃത സര്‍ക്കാരിനെ തലസ്ഥാനത്ത് നിന്ന് പുറത്താക്കിയതിനു പിന്നാലെ 2015 മാര്‍ച്ചില്‍ യെമനില്‍ സഖ്യസേന ഇടപെട്ടതിനുശേഷം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തി വരികയാണ്.
സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. യെമന്‍ സര്‍ക്കാരിന്റെ അവസാന വടക്കന്‍ ശക്തികേന്ദ്രമായ മാരിബിലും യെമനിലെ മറ്റ് പ്രദേശങ്ങളിലും ഹൂത്തികള്‍ ആക്രമണം തുടരുകയാണ്.