പത്തനംതിട്ട- തിരുവല്ല സ്വദേശി അമേരിക്കയിൽ വെടിയേറ്റു മരിച്ചു. അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട് ഗോമറിയിലാണ് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു, (19) വെടിയേറ്റു മരിച്ചത്. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു, മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്‌സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്.