Sorry, you need to enable JavaScript to visit this website.

സുധാകരന്‍ യോഗ്യനല്ല, പുറത്താക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് മമ്പറം ദിവാകരന്‍

തലശ്ശേരി- തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ കെ.പി.സി.സി അധ്യക്ഷന്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന്  പുറത്താക്കപ്പെട്ട കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരന്‍.  വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി അധ്യക്ഷനാകാന്‍ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയാണ് സുധാകരന്‍. അധ്യക്ഷ പദവി മഹത്തായ പദവിയാണ്. അതുകൊണ്ട് സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പ്രസിഡന്റായത് കൊണ്ട് ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല. എന്നെ പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തി വൈരാഗ്യം മാത്രമാണ്-ദിവാകരന്‍ പറഞ്ഞു.
ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. ചിറക്കല്‍ സ്‌കൂളിനായി പിരിച്ച പണം എവിടെയാണെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു.

അച്ചടക്ക ലംഘനം ആരോപിച്ച് കഴിഞ്ഞദിവസമാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി.

പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെ മത്സരിക്കുന്നതിലൂടെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നിലവിലെ പ്രസിഡന്റുകൂടിയായ മമ്പറം ദിവാകരന്‍ കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും പാര്‍ട്ടി വിശദീകരിച്ചിരുന്നു.

 

Latest News