കൊച്ചി- അനുപമയുടെ സമരപ്പന്തലില്‍ കണ്ടവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍. അനുപമയുടെ സമരപ്പന്തലിലെ അവരുടെ സാന്നിദ്ധ്യത്തെ പ്രതീക്ഷയോടെ കാണുന്നു. കാരണം ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യം പരമപ്രധാനമാണ്. അവളെ സദാചാരവ്യവസ്ഥയുടെ തടവിലിട്ടിരിക്കുന്നത് പൗരോഹിത്യവും അതിനൊപ്പമുള്ള മതരാഷ്ട്രീയവുമാണ്. സ്ത്രീ മോചിക്കപ്പെട്ടാല്‍ തീര്‍ച്ചയായും മതയാഥാസ്ഥികത്വത്തിന്റെ അടിവേരു പൊട്ടും. പിന്നെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് നിലനില്‍പ്പില്ല- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സദാചാരവ്യവസ്ഥയില്‍ നിന്ന് സ്ത്രീ പുറത്തുവന്നാല്‍ മതരാഷ്ട്രീയത്തിന്റെ അടിവേരു പൊട്ടും.
തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ അനുപമ എന്ന അമ്മ നടത്തിയ സമരം കേരളീയസമൂഹത്തിന് ചില പ്രത്യാശകള്‍ നല്‍കുന്നുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയെ മുന്‍നിര്‍ത്തി സ്ത്രീത്വത്തിനെതിരെ ആര്‍ത്തവലഹള നടന്ന സംസ്ഥാനമാണ് നമ്മുടേത്.
പ്രസവിക്കുന്നവള്‍ ആയതുകൊണ്ട് സ്ത്രീക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമില്ല എന്നു പ്രഖ്യാപിച്ചു നാമജപസമരം നടത്തിയവര്‍ക്ക് ഒരു അവിവാഹിതയായ അമ്മക്കൊപ്പം നില്‍ക്കേണ്ടി വന്നു.
ആര്‍ത്തവലഹള നടത്തിയതും അമ്മക്കൊപ്പം നിന്നതും രാഷ്ട്രീയദുരുദ്ദേശം മാത്രം മുന്‍നിര്‍ത്തിയാണ് എന്ന് അറിയാമെങ്കിലും ഇത് പ്രതീക്ഷ നല്‍കുന്നുണ്ട് എന്നാണ് എന്റെ പക്ഷം.
ആരെയൊക്കെയാണ് അനുപമയുടെ സമരപ്പന്തലില്‍ കണ്ടത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. തീവ്ര സദാചാരഭീകരത സൃഷ്ടിച്ച് സ്ത്രീകളെ ഇരുട്ടില്‍ തന്നെ നിറുത്താന്‍ പാടുപെടുന്നയിനം മതരാഷ്ട്രവാദികളെ നമുക്കവിടെ കാണാന്‍ കഴിഞ്ഞു. 'വിവാഹം കഴിക്കുന്നതിന് മുന്‍പ് കുഞ്ഞുണ്ടായാല്‍ എന്താ കുഴപ്പം?' എന്ന് അവരില്‍ ചിലര്‍ ചോദിക്കുന്നത് കേട്ട് സത്യത്തില്‍ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു. തങ്ങള്‍ ഇതൊക്കെ പറയുന്നത് എന്തെങ്കിലും രാഷ്ട്രീയതാല്‍പ്പര്യം വെച്ചല്ല; ആധുനിക ജനാധിപത്യത്തിലും മാനവികതയിലും മതേതരത്വത്തിലും വിശ്വസിക്കാന്‍ തുടങ്ങിയതുന്നതു കൊണ്ടാണെന്നു കൂടി അവര്‍ പറഞ്ഞാല്‍ കുറേകൂടി സന്തോഷിക്കാമായിരുന്നു.
ഇവിടെ മറ്റൊരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. അനുപമക്കൊപ്പം നമ്മള്‍ കണ്ട വിചിത്രസംഘത്തിന്റെ കൂട്ടായ്മ ഇപ്പോള്‍ ഉണ്ടായതല്ല; മുന്‍പ് തളിപ്പറമ്പ് ബൈപ്പാസിലും, ഗെയ്ല്‍ പൈപ്പ് ലൈനിലും, കെ.ഫോണിലും, തീരദേശ ഹൈവേവികസന ഘട്ടത്തിലും നമ്മള്‍ കണ്ടതാണ്. ഈയിടെ കെ.റെയിലിനെതിരായി അവരൊന്നിച്ച് വന്നു. ഹിന്ദു, മുസ്ലീം രാഷ്ട്രീയതീവ്രവാദികളും, മുന്‍നക്‌സലൈറ്റുകളും, മുന്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്, മുസ്ലീംലീഗ് കക്ഷികളും ഒന്നിച്ചുള്ള ഈ മായാമഴവില്‍ മുന്നണിയെ കഴിഞ്ഞ മൂന്നു പൊതു തെരഞ്ഞടുപ്പുകളില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടന്നതും നമുക്കറിയാം. അവരെ സംബന്ധിച്ചേടത്തോളം റോഡും പാലവും പരിസ്ഥിതിയും വികസനവും സ്ത്രീസ്വാതന്ത്ര്യവും ഒന്നുമല്ല വിഷയം: പണിയെടുക്കുന്നവര്‍ക്കിടയിലെ വിഭജനവും അതുവഴി തങ്ങളുടെ രാഷ്ട്രീയവിജയവുമാണ്.
എങ്കിലും അനുപമയുടെ സമരപ്പന്തലിലെ അവരുടെ സാന്നിദ്ധ്യത്തെ ഞാന്‍ പ്രതീക്ഷയോടെ കാണുന്നു. കാരണം ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യം പരമപ്രധാനമാണ്. അവളെ സദാചാരവ്യവസ്ഥയുടെ തടവിലിട്ടിരിക്കുന്നത് പൗരോഹിത്യവും അതിനൊപ്പമുള്ള മതരാഷ്ട്രീയവുമാണ്. സ്ത്രീ മോചിക്കപ്പെട്ടാല്‍ തീര്‍ച്ചയായും മതയാഥാസ്ഥികത്വത്തിന്റെ അടിവേരു പൊട്ടും. പിന്നെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് നിലനില്‍പ്പില്ല.