റിയാദ് - തൊഴിലവസരങ്ങള്‍ തേടി സമീപിക്കുന്ന വനിതാ ഉദ്യോഗാര്‍ഥികളെ മുഖാവരണവും ശിരോവസ്ത്രവും ഉപേക്ഷിക്കാനും മേക്കപ്പ് ചെയ്യാനും നിര്‍ബന്ധിക്കുന്നത് നിയമ ലംഘനമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ചില കമ്പനികള്‍ മുഖാവരണവും ശിരോവസ്ത്രവും ഉപേക്ഷിക്കാനും മേക്കപ്പിനും വനിതാ ഉദ്യോഗാര്‍ഥികളെ നിര്‍ബന്ധിക്കുന്നതായി സൗദി പൗരന്മാരില്‍ ഒരാള്‍ മന്ത്രാലയത്തില്‍ പരാതിപ്പെടുകയായിരുന്നു.
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വനിതാ ജീവനക്കാരികളെ ഉപയോഗിക്കുന്ന തലത്തിലേക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മാറിയിട്ടുണ്ടോയെന്ന് സൗദി പൗരന്‍ പരാതിയില്‍ ആരാഞ്ഞു.
തൊഴില്‍ തേടി സമീപിക്കുന്ന ഉദ്യോഗാര്‍ഥികളോട് എന്തെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ തൊഴിലുടമകള്‍ കാണിക്കുന്നത് നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ്പ് വഴി പരാതികള്‍ നല്‍കാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.