Sorry, you need to enable JavaScript to visit this website.

അറിയണം നോറോ വൈറസിനെ

തൃശൂർ - തൃശൂരിൽ സ്ഥിരീകരിച്ച നോറോ  വൈറസ് കരുതലും ജാഗ്രതയും വേണ്ട ഒന്നാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. തൃശൂരിൽ ആദ്യമായാണ് നോറോ  വൈറസ് റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടുതന്നെ നോറോ വൈറസിനെക്കുറിച്ച്  ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നുണ്ട്.
വയറിളക്കം, വയറുവേദന, ഛർദ്ദി എന്നിവയാണ്  പൊതുവേ ഈ  വൈ റസ് ബാധയുടെ ലക്ഷണങ്ങൾ എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.  കൂടാതെ പനി, തലവേദന എന്നിവയും കാണപ്പെടും. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറുമെങ്കിലും വീണ്ടും രോഗം പകർത്തുന്നതിന് കഴിയും. 


രോഗബാധയുണ്ടായാൽ 12 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കുടിവെള്ളം, ഭക്ഷണം, പാത്രങ്ങൾ എന്നിവയിലൂടെയാണ് സാധാരണ രോഗം പകരാൻ സാധ്യത എങ്കിലും അടുത്തിടപഴകുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒരു ജലജന്യരോഗമാണിത്. 
സാധാരണ ഈ രോഗം അപകടകാരിയല്ലെങ്കിലും പ്രായമായ ആളുകൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. പാനീയ ചികിത്സ, രോഗ ലക്ഷണങ്ങൾക്ക് അനു സരിച്ചുള്ള ചികിത്സ എന്നിവയാണ് സാധാരണ നൽകിവരുന്നത്.  ആർ .ടി .പി. സി. ആർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗിയിൽനിന്ന് ശേഖരിക്കുന്ന മലത്തിന്റെ സാമ്പിളിൽ നിന്നും രോഗം സ്ഥിരീകരിക്കുന്നു. 


തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ഭക്ഷണം, പാത്രങ്ങൾ എന്നിവ പങ്കുവയ്ക്കാതിരിക്കുക, മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക പച്ചക്കറികൾ- പഴങ്ങൾ എന്നിവ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. എന്നിവയിലൂടെ രോഗം നിയന്ത്രിക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Latest News