കാസര്‍കോട്- ജില്ലയിലെ വിദ്യാലയങ്ങളില്‍ റാഗിംഗ് വ്യാപകമാകുന്നു. റാഗിംഗ് തടയാന്‍ ചുമതലപ്പെട്ട അച്ചടക്ക സമിതികള്‍ നോക്കുകുത്തികളായി മാറുന്നു. ഉപ്പളയിലെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ മുടി ബലമായി മുറിച്ചതിന് പിന്നാലെ ബേക്കൂര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി റാഗ് ചെയ്യപ്പെട്ട വിവരവും പുറത്തു വന്നു.
കയ്യില്‍ ഷൂസ് കെട്ടിത്തൂക്കി നിര്‍ത്തം ചെയ്യിപ്പിച്ചും സൗന്ദര്യമത്സരത്തിലെ മോഡലുകളുടെ നടത്തം (റാമ്പ് നടത്തം) അനുകരിപ്പിച്ചുമാണ് ബേക്കൂര്‍ സ്‌കൂളില്‍ റാഗിംഗ് നടന്നത്. കാസര്‍കോട് അതിര്‍ത്തിയിലെ മംഗല്‍പാടി പഞ്ചായത്തില്‍ കൈ കമ്പ ബേക്കൂര്‍ സ്‌കൂളിലാണ് പ്രാകൃതമായ റാഗിംഗ് അരങ്ങേറുന്നത്. സ്‌കൂളിലെത്തുന്ന ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് പലവിധ വേഷംകെട്ടിച്ചാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിംഗ് നടത്തുന്നത്. ഉപ്പളയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒന്നാംവര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിയുടെ നീളമുള്ള മുടി റാഗിംഗിന്റെ ഭാഗമായി മുറിച്ചു മാറ്റിയ സംഭവം വെളിച്ചത്തു വന്നതിന് പിന്നാലെയാണ് ബേക്കൂര്‍ സ്‌കൂളിലെ റാഗിംഗും പുറത്തുവന്നത്. ഒരു സംഘം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വെച്ച് തന്നെ പരസ്യമായി കുട്ടികളെ അപമാനിക്കുകയാണ്.
ഏറെ സമയം റാഗിംഗ് നടന്നിട്ടും ആരും ചോദ്യം ചെയ്തില്ല. മഞ്ചേശ്വരം താലൂക്കിലെ വിവിധ വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഷൂസും ചെരിപ്പും അഴിച്ചു വെപ്പിച്ച് വെറും കാലില്‍ നടത്തിക്കുക, ചുമലിലും കൈകളിലും ചെരുപ്പു കെട്ടിത്തൂക്കുക, വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുക, ബ്രെയ്ക്ക് ഡാന്‍സ് ചെയ്യിപ്പിക്കുക തുടങ്ങിയ സംഭവങ്ങള്‍ വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ട്. ഉപ്പള സ്‌കൂളില്‍ മുടി മുറിച്ചത് സ്‌കൂള്‍ ഗേറ്റിന് പുറത്ത് ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലത്ത് ആണെങ്കില്‍ ബേക്കൂര്‍ സ്‌കൂളിലെ റാഗിംഗ് നടന്നത് സ്‌കൂള്‍ വരാന്തയില്‍ വെച്ചാണെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരം പീഡനങ്ങള്‍ നടക്കുമ്പോള്‍ സ്‌കൂളിലെ അധ്യാപകരോ ജീവനക്കാരോ റാഗിംഗ് തടയുന്നതിനോ മുതിര്‍ന്ന വിദ്യാര്‍ഥികളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനോശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചില വിദ്യാലയങ്ങളില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളെ ഭയന്നാണ് അധ്യാപകര്‍ ജോലി ചെയ്യുന്നത്. റാഗിംഗിന് വിധേയരാകുന്ന കുട്ടികളും തുടര്‍ പഠനം ആഗ്രഹിക്കുന്നതിനാല്‍ ഇവരെ പേടിച്ച് പരാതി നല്‍കുന്നില്ല. വിവാദമായ ഉപ്പള സ്‌കൂള്‍ സംഭവത്തിലും പരാതി ഇല്ലാത്തത് മുതിര്‍ന്ന കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതായി. കോവിഡിന് ശേഷം സ്‌കൂളുകള്‍ തുറന്നിട്ട് ഒരുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് കാസര്‍കോടിന്റെ വടക്കന്‍ ഭാഗങ്ങളില്‍നിന്നും റാഗിംഗ് കഥകള്‍ പുറത്തുവരുന്നത്. ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലും കോളേജ് കാമ്പസുകളിലും ആണ് ആദ്യമായി കലാലയത്തില്‍ എത്തുന്ന ജൂനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിന് വിധേയരാകുന്നത്.
റാഗിംഗ് തടയുന്നതിന് സ്‌കൂള്‍ തലങ്ങളില്‍ രൂപീകരിച്ച അച്ചടക്ക സമിതിയുടെ പ്രവര്‍ത്തനം നാമമാത്രമാണ്. സ്‌കൂള്‍ അച്ചടക്കത്തിന് വിരുദ്ധമായി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതിനും അച്ചടക്ക സമിതിക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഭൂരിഭാഗം വിദ്യാലയങ്ങളിലും അച്ചടക്കസമിതി പേരിന് മാത്രമാണുള്ളത്. പ്രിന്‍സിപ്പല്‍, സീനിയര്‍ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി, ഹെഡ്മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് എന്നിവരടങ്ങുന്നതാണ് ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ അച്ചടക്കസമിതി. എന്നാല്‍ കായിക അധ്യാപകന് ചുമതല നല്‍കി സമിതി ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. റാംഗിംഗ് പരാതികള്‍ ഉണ്ടായാലും സ്‌കൂളിന്റെ പേര് മോശമാകുമെന്ന് കരുതി പല സംഭവങ്ങളും അച്ചടക്കസമിതി മൂടിവെക്കും. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്താല്‍ പോലും താക്കീതില്‍ ഒതുക്കുകയാണ് ചെയ്യുന്നത്.