റിയാദ്/അബുദാബി- വീണുകിട്ടിയ പഴ്‌സ് ഒമ്പതു മാസം നീണ്ട അന്വേഷണത്തിലൂടെ ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കുന്നതിന് സാധിച്ചതിന്റെ നിര്‍വൃതിയിലാണ് സൗദി പൗരന്‍ സുല്‍ത്താന്‍ അല്‍ ഉതൈബി. കഴിഞ്ഞ റമദാനില്‍ തായിഫ്-മക്ക റോഡിലെ അല്‍സൈല്‍ അല്‍കബീര്‍ ജുമാമസ്ജിദില്‍ വെച്ചാണ് ദവാദ്മി നിവാസിയായ സുല്‍ത്താന്‍ അല്‍ ഉതൈബിക്ക് പഴ്‌സ് വീണുകിട്ടിയത്. ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്. ഉംറ നിര്‍വഹിക്കുന്നതിന് യു.എ.ഇയില്‍ നിന്ന് എത്തിയ പാക് യുവാവ് റാശിദ് ഇഖ്ബാലിന്റെ പഴ്‌സായിരുന്നു ഇത്. അല്‍സൈല്‍ അല്‍കബീറില്‍ ഇഹ്‌റാം വേഷം ധരിക്കുന്നതിനിടെയാണ് യുവാവിന്റെ പഴ്‌സ് നഷ്ടപ്പെട്ടത്.
അല്‍സൈല്‍ അല്‍കബീര്‍ ജുമാമസ്ജിദില്‍ അംഗശുദ്ധി വരുത്തുന്നതിനിടെ വീണു കിട്ടിയ പഴ്‌സിന്റെ ഉടമയെ അന്വേഷിച്ച് നാലു മണിക്കൂര്‍ നടന്നെങ്കിലും കണ്ടെത്താനായില്ലെന്ന് സുല്‍ത്താന്‍ അല്‍ ഉതൈബി പറഞ്ഞു. ഉടമയുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകളൊന്നും പഴ്‌സിലുണ്ടായിരുന്നില്ല. പഴ്‌സ് കൈയില്‍ സൂക്ഷിച്ച് ഉംറക്കുള്ള യാത്ര തുടര്‍ന്നു. ഉംറ നിര്‍വഹിച്ച് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പഴ്‌സില്‍ കണ്ട എ.ടി.എം കാര്‍ഡ് അനുവദിച്ച യു.എ.ഇയിലെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും മാസങ്ങളായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ട് ആയതിനാല്‍ ഉടമയെ ബന്ധപ്പെടുന്നതിന് സാധിക്കുന്ന വിവരങ്ങളൊന്നും നല്‍കുന്നതിന് ബാങ്ക് അധികൃതര്‍ക്ക് സാധിച്ചില്ല. വീണ്ടും ബാങ്കുമായുള്ള ഇടപാടുകള്‍ പുനരാരംഭിക്കുന്ന പക്ഷം യുവാവിനെ അറിയിക്കുന്നതിനുള്ള സന്ദേശം കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ബാങ്ക് അധികൃതര്‍ ചേര്‍ത്തെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും യുവാവ് ബാങ്കുമായി ബന്ധപ്പെട്ടില്ല.
ഏതു വിധേനെയും ഉടമയെ കണ്ടെത്തണമെന്ന ആഗ്രഹത്താല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ഇഷ്യു ചെയ്ത കമ്പനിയുമായി പിന്നീട് ബന്ധപ്പെട്ട് യുവാവ് ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ച വിവരങ്ങള്‍ തേടി. ദിവസങ്ങള്‍ക്കു ശേഷം ബന്ധപ്പെട്ട കമ്പനിയധികൃതരോട് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഇപ്പോള്‍ അവധിയില്‍ നാട്ടിലുള്ള യുവാവ് തിരിച്ചെത്തിയാലുടന്‍ വിവരം അറിയിക്കാമെന്ന് അവര്‍ പറഞ്ഞു. രണ്ടു മാസം പിന്നിട്ടിട്ടും ആരും ബന്ധപ്പെട്ടില്ല. ഉടമയുടെ പേരില്‍ പഴ്‌സിലെ പണം ദാനം ചെയ്യുന്നതിന് ആലോചിച്ചെങ്കിലും അല്‍പം കൂടി കാത്തിരിക്കുന്നതിന് തീരുമാനിച്ചു. ഇതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച യു.എ.ഇയില്‍ നിന്ന് പഴ്‌സിന്റെ ഉടമ റാശിദ് ഫോണില്‍ ബന്ധപ്പെട്ടത്. താന്‍ നിര്‍ദേശിച്ചതനുസരിച്ച് വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട യുവാവിന്റെ ഫോട്ടോ കണ്ടും പഴ്‌സിലെ വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞും യഥാര്‍ഥ ഉടമയാണെന്ന് ഉറപ്പു വരുത്തി. പഴ്‌സ് കൊറിയര്‍ വഴി റാശിദ് ഇഖ്ബാലിന് അയച്ചു കൊടുക്കുന്നതിന് തീരുമാനിച്ചുറച്ചപ്പോഴാണ് പ്രാദേശിക പത്രപ്രവര്‍ത്തകന്‍ യു.എ.ഇയില്‍ പോയി പഴ്‌സ് കൈമാറുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. ഇതു പ്രകാരം ഇന്നലെ അബുദാബിയില്‍ വെച്ച് പത്രപ്രവര്‍ത്തകന്‍ റാശിദ് ഇഖ്ബാലിന് പഴ്‌സ് കൈമാറുകയായിരുന്നെന്ന് സുല്‍ത്താന്‍ അല്‍ ഉതൈബി പറഞ്ഞു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്‌സും രേഖകളുമാണ് സൗദി പൗരന്റെ സത്യസന്ധത മൂലം ഒമ്പതു മാസത്തിനു ശേഷം തിരികെ ലഭിച്ചതെന്ന് റാശിദ് ഇഖ്ബാല്‍ പറഞ്ഞു. വിശുദ്ധ ഹറമില്‍ എത്തിയ ശേഷം മാത്രമാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരം താന്‍ അറിഞ്ഞത്. അവധിയില്‍ നാട്ടിലേക്ക് തിരിക്കുന്നതിനു തൊട്ടു മുമ്പാണ് ഉംറക്ക് പുറപ്പെട്ടത്. നഷ്ടപ്പെട്ട രേഖകള്‍ക്കു പകരം രേഖകളുണ്ടാക്കല്‍ എളുപ്പമായിരുന്നില്ല. നാട്ടില്‍ നിന്ന് തിരിച്ചെത്തി അധികം കഴിയുന്നതിനു മുമ്പായി പഴ്‌സ് തിരിച്ചു കിട്ടിയത് തനിക്ക് ഏറെ ആശ്വാസമായെന്നും യുവാവ് പറഞ്ഞു.