Sorry, you need to enable JavaScript to visit this website.

ഹജ് എംബാർക്കേഷൻ; കരിപ്പൂരിനെ ഉൾപ്പെടുത്തണം -ജില്ലാ വികസന സമിതി

മഞ്ചേരി മെഡിക്കൽ കോളേജ് വികസനത്തിനായി 
സ്ഥലമെടുപ്പ് വേഗത്തിലാക്കും

മലപ്പുറം- ഹജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് മലപ്പുറം ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി. അബ്ദുൽ ഹമീദ് എം.എൽ.എ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിക്കുകയായിരുന്നു. 
മഞ്ചേരി മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു യു.എ ലത്തീഫ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. സ്ഥലമെടുപ്പിന് റവന്യൂ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടെന്നും സാമൂഹികാഘാത പഠനം നടത്തുന്നതിനു നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഡെപ്യൂട്ടി കലക്ടർ (എൽ.എ) വിശദീകരിച്ചു. മഞ്ചേരി ഒലിപ്പുഴ റോഡിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിച്ചുവരുന്നു. മഞ്ചേരി സെക്കന്റ് റീച്ച് ബൈപ്പാസ് റോഡിന്റെ സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. കിഴാറ്റൂരിൽ നിർമിക്കുന്ന പൂന്താനം സ്മാരകം മാർച്ച് മാസത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്നു ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് ഓഫീസർ അറിയിച്ചു. വളാഞ്ചേരി വട്ടപ്പാറ ഫയർ സ്റ്റേഷൻ നിർമാണത്തിനു അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് സംയുക്തപരിശോധന നടത്തും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയാണ് ഫയർ സ്റ്റേഷൻ നിർമാണ പുരോഗതി സംബന്ധിച്ച വിഷയം ഉന്നയിച്ചത്. പെരിന്തൽമണ്ണ ടൗണിലെ പട്ടാമ്പി റോഡ് ഉൾപ്പെടുന്ന ഭാഗം നവീകരണ പ്രവൃത്തി ആരംഭിച്ചതായും കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കിയാലേ നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാനാകൂവെന്ന് നജീബ് കാന്തപുരം എം.എൽ.എ യോഗത്തിൽ പറഞ്ഞു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ റിമ്പിൾ സ്ട്രിപ്പ് സ്ഥാപിച്ച നടപടി അപകടങ്ങൾ വരുത്തിവക്കുന്നതായി 
ടി.വി. ഇബ്രാഹിം എം.എൽ.എ പറഞ്ഞു. ഇതുസംബന്ധിച്ച പരാതികൾ ദേശീയപാത അഥോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൊട്ടുകര ചെറാട് പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 'ദ്യുതി' പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാൻസ്‌ഫോർമർ സ്ഥാപിക്കും. ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) അറിയിച്ചു. വള്ളിക്കുന്ന് കടലുണ്ടിക്കടവ് പാലത്തിനു സമീപം അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കാൻ 5,50,000 രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കും. ചേളാരി ഐ.ഒ.സി ബോട്ടിലിംഗ് പ്ലാന്റിന്റെ മതിൽ റോഡിലേക്കു വീഴാനിടയുണ്ടെന്നും അപകടം ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കാൻ പ്ലാന്റ് മാനേജർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. ജില്ലാ വികസന കമ്മീഷണർ പ്രേംകൃഷ്ണൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എ. മെഹറലി, ജില്ലാ 
പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


 

Latest News