തിരുവനന്തപുരം- ശുഹൈബ് കൊലക്കേസ് പ്രതികളെ പിടികൂടാത്തതിന് പിന്നിൽ സി.പി.എം-പോലീസ് ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശുഹൈബ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ടി.പി വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള പ്രതികൾക്ക് പരോൾ അനുവദിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. വ്യക്തമായ ആസൂത്രണത്തോടെ പാർട്ടി അറിഞ്ഞുനടത്തിയ അരുംകൊലയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഷുഹൈബ് കൊലക്കേസിലെ പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പ്രാദേശിക സി.പി.എം നേതാക്കളെ ചോദ്യം ചെയ്താൽ കൊലക്കേസ് പ്രതികളെ പിടികൂടാനാകും. പോലീസ് കാവലിലാണ് ശുഹൈബിനെതിരായ കൊലവിളി പ്രകടനം നടന്നത്. ശുഹൈബിനെ കള്ളക്കേസിൽ പെടുത്തി ജയിലിലാക്കി അവിടെ വെച്ച് വധിക്കാൻ നോക്കി.
ശുഹൈബ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് പത്തൊൻപത് കൊലക്കേസ് പ്രതികൾക്ക് പരോൾ നൽകിയത്. ടി.പി വധക്കേസ് പ്രതികളായ അനൂപ്, കൊടി സുനി, രജീഷ് എന്നിവരടക്കമുള്ള പ്രതികൾക്കാണ് പരോൾ നൽകിയത്. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി പരിശോധിച്ചാൽ പരിശീലനം ലഭിച്ച കൊലയാളി സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന് ഉറപ്പാണ്. പരോളിൽ ഇറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് സിപിഎം കേരളത്തിൽ നടത്തുന്നത്.
മുഖ്യമന്ത്രിയുടെ വീടിന് പത്തുകിലോമീറ്റർ മാത്രം അകലെയാണ് ശുഹൈബിന്റെ വീട്. ഈ കൊലപാതകത്തെ പറ്റി ഒന്നും പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല. വാടകകൊലയാളികളെ സംരക്ഷിക്കുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. ജനാധിപത്യ രീതിയിലല്ല, കൊലയാളി പാർട്ടിയായി സി.പി.എം മാറുന്നുവെന്നും ചെന്നിത്തല പറഞ്ഞു.