കല്‍പറ്റ-മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് 2020 ഡിസംബര്‍ 21നു രാത്രി വയനാട് മുട്ടില്‍ പറളിക്കുന്നു മൈത്രിനഗര്‍ കോളനിയിലെ രണ്ടാം ഭാര്യ മടത്തൊടുക ജസ്‌നയുടെ വീട്ടില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നു മരിച്ച കേസില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. ജസ്‌നയുടെ മാതാവ് സാജിറ, സഹോദരന്‍ നൗഷാദ്, ഭാര്യ മൈമൂന, ഷാജിറയുടെ മാതാവ് ഖദീജ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കേസില്‍ ജസ്‌നയും മറ്റൊരു സഹോദരന്‍ ജംഷാനും നേരത്തേ അറസ്റ്റിലായിരുന്നു. അബ്ദുല്‍ ലത്തീഫ് മരിച്ചു മുന്നു ദിവസത്തിനുശേഷം ജസ്‌നയുടെ ഭിന്നശേഷിക്കാരനായ സഹോദരന്‍ ജംഷീറിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അബ്ദുല്‍ ലത്തീഫിന്റെയും ജംഷീറിന്റെയും മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പറളിക്കുന്ന് ആക്ഷന്‍ കമ്മിറ്റി വയനാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. രണ്ടാം ഭാര്യയുടെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ചു പോലീസ് എത്തുമ്പോള്‍ അബോധാവസ്ഥയിലും കൈകള്‍ കെട്ടിയിട്ട നിലയിലുമായിരുന്നു അബ്ദുല്‍ജലീല്‍. കല്‍പറ്റ ജനറല്‍ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. മര്‍ദ്ദനമാണ് മരണകാരണമെന്നു വ്യക്തമായതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിനു കേസെടുത്ത് പോലീസ് ജസ്‌നയെയും സഹോദരന്‍ ജംഷാനെയും അറസ്റ്റു ചെയ്തത്.